വരാപ്പുഴ കസ്റ്റഡിമരണം: ശ്രീജിത്തിനെ മര്‍ദിച്ചത് എസ്‌ഐ ദീപക്കെന്ന് കൂട്ടുപ്രതികള്‍

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ കൂട്ടുപ്രതികള്‍
വരാപ്പുഴ കസ്റ്റഡിമരണം: ശ്രീജിത്തിനെ മര്‍ദിച്ചത് എസ്‌ഐ ദീപക്കെന്ന് കൂട്ടുപ്രതികള്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ വെളിപ്പെടുത്തലുമായി ശ്രീജിത്തിന്റെ കൂട്ടുപ്രതികള്‍. ശ്രീജിത്തിനെ മര്‍ദിച്ചത് എസ്‌ഐ ദീപക്കെന്ന് കൂട്ടുപ്രതികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വരാപ്പുഴയില്‍ ഗൃഹനാഥന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ശ്രീജിത്തിനൊടാപ്പം പൊലീസ് പിടിയിലായ കൂട്ടുപ്രതികളാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ വച്ചായിരുന്നു മര്‍ദനം. ശ്രീജിത്തിന്റെ വയറ്റില്‍ എസ്‌ഐ ചവിട്ടിയെന്നും കൂട്ടുപ്രതികള്‍ വെളിപ്പെടുത്തി. സംഭവത്തില്‍ ദൃക്‌സാക്ഷികളായിരുന്ന തങ്ങളെയും മര്‍ദിച്ചതായി ഇവര്‍ ആരോപിച്ചു. സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവവുമായി ബന്ധപ്പെട്ട് എസ്‌ഐ ദീപക്കിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നേരത്തെ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിനെ ഉരുട്ടലിന് വിധേയമാക്കിയോ എന്ന സംശയം ഉയര്‍ന്നിരുന്നു. ശ്രീജിത്തിന്റെ ശരീരത്തില്‍ നിറയെ പാടുകളുണ്ടെന്നും, രണ്ട് തുടകളിലെ പേശികളിലും ഒരേപോലെയുള്ള ചതവുകള്‍ ഉണ്ടെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് മൂന്നാംമുറ പ്രയോഗിച്ചത് മൂലമാണെന്നാണ് വിദഗ്ധ സംഘത്തിന്റെ നിഗമനം.

ലാത്തി പോലുള്ള ഉരുണ്ട വസ്തു കൊണ്ട് ഉരുട്ടിയതുമൂലമുണ്ടായ ചതവുകളാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് തുടകളിലും ഒരുപോലെ ചതവുകള്‍ വരണമെങ്കില്‍ ഉരുട്ടലിന് വിധേയമായിട്ടുണ്ടാകുമെന്നും അന്വേഷണസംഘത്തിന് വിദഗ്‌ധോപദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും, ചികില്‍സാ റിപ്പോര്‍ട്ടുമെല്ലാം പൊലീസ് മര്‍ദനത്തിന്റെ സാധ്യതകളാണ് മുന്നോട്ടുവെക്കുന്നത്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതിന് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. കൂടാതെ സാക്ഷികള്‍ അടക്കം മൊഴിമാറ്റുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നുണപരിശോധനയ്ക്ക് വിധേയരാക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com