വേദി ഇളക്കി മറിച്ച് വിഎസ് ; സമ്മേളനഹാള്‍ നിറഞ്ഞ് ലാല്‍സലാം വിളികള്‍

പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദരം അര്‍പ്പിച്ചത്
വേദി ഇളക്കി മറിച്ച് വിഎസ് ; സമ്മേളനഹാള്‍ നിറഞ്ഞ് ലാല്‍സലാം വിളികള്‍


ഹൈദരാബാദ് : ഹൈദരാബാദില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലും വിഎസ് തന്നെ താരം. പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളും ആദ്യ കേന്ദ്രകമ്മിറ്റിയിലെ അംഗവുമായ വിഎസ് അച്യുതാനന്ദനെ പാര്‍ട്ടി കോണ്‍ഗ്രസ് സമ്മേളന വേദിയില്‍ ആദരിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദരം അര്‍പ്പിച്ചത്. അപ്പോള്‍ സമ്മേളനഹാള്‍ "കോമ്രേഡ് അച്യുതാനന്ദന്‍ കോ ലാല്‍സലാം" മുദ്രാവാക്യത്താൽ മുഖരിതമായി. 

പിബി അംഗങ്ങളായ പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, ബിമന്‍ ബസു, എസ് രാമചന്ദ്രന്‍പിള്ള, പ്രകാശ് കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയ ചര്‍ച്ചയില്‍ കേരളത്തില്‍ നിന്ന് മൂന്നുപേരാകും പങ്കെടുക്കുക. കെഎന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ രാഗേഷ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് 45 മിനുട്ട് വീതമാണ് ലഭിക്കുക. 

മുന്‍ ജനറല്‍ സെകര്ട്ടറി പ്രകാശ് കാരാട്ടാണ് കോണ്‍ഗ്രസില്‍ കരട് രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. ബദല്‍ രേഖ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കും. പിബി അംഗം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള പ്രസീഡിയമാണ് സമ്മേളന പരിപാടികള്‍ നിയന്ത്രിക്കുന്നത്. 

എല്ലാ മതേതര പാര്‍ട്ടികളെയും കൂടെകൂട്ടി ബിജെപിയെ തോല്‍പ്പിക്കണമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു.  ബിജെപിയെ തോല്‍പ്പിക്കുകയാണ് പ്രധാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണം. ഇതിനുള്ള വഴി പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും യെച്ചൂരി പറഞ്ഞു. കോണ്‍ഗ്രസിനെതിരെ യാതൊരു വിമര്‍ശനവും യെച്ചൂരി ഉദ്ഘാടന പ്രസംഗത്തില്‍ ഉന്നയിച്ചില്ല. 

രാവിലെ കേന്ദ്രകമ്മിറ്റിയിലെ മുതിര്‍ന്ന അംഗം മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയതോടെയാണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊടിയുയര്‍ന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com