അധികാരത്തില്‍ 'വല്യേട്ടന്‍' ഇനി സിപിഐ ; കോണ്‍ഗ്രസിനെ മറികടന്നു

11,900 ദിവസം സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡാണ് സിപിഐ മറികടന്നത്
അധികാരത്തില്‍ 'വല്യേട്ടന്‍' ഇനി സിപിഐ ; കോണ്‍ഗ്രസിനെ മറികടന്നു

തിരുവനന്തപുരം : കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണത്തിലിരുന്ന പാര്‍ട്ടിയെന്ന ബഹുമതി ഇനി സിപിഐയ്ക്ക്. 11,900 ദിവസം സംസ്ഥാനത്ത് അധികാരത്തിലിരുന്ന കോണ്‍ഗ്രസിന്റെ റെക്കോര്‍ഡാണ് ഏപ്രില്‍ 19ന് സിപിഐ മറികടന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964 ലെ പിളര്‍പ്പിനു മുമ്പത്തെ, ആദ്യ ഇഎംഎസ് സര്‍ക്കാരിനെ കൂടി അക്കൗണ്ടില്‍ ചേര്‍ക്കുമ്പോഴാണ് സിപിഐയ്ക്ക് റെക്കോര്‍ഡ് സ്വന്തമായത്.

1967 മുതല്‍ 12 വര്‍ഷം അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞതാണ് സിപിഐയുടെ നേട്ടത്തിന്റെ അടിസ്ഥാനം. അടിയന്താരാവസ്ഥയെ തുടര്‍ന്നു നീട്ടിയ നാലാം കേരള നിയമസഭയുടെ കാലത്ത് 2,364 ദിവസം പാര്‍ട്ടി അധികാരത്തിലിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം 1979 വരെ 15 വര്‍ഷത്തോളം സിപിഐ ഭരണത്തില്‍ പങ്കാളിയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷം 1967 മുതല്‍ 1969 വരെ സിപിഎമ്മുമായി അധികാരം പങ്കിട്ടു.

പിന്നീട് കോണ്‍ഗ്രസിന്റെ പിന്തുണയോടെ പാര്‍ട്ടി അധികാരത്തിലേറി. ഇക്കാലയളവില്‍ സിപിഐ നേതാക്കളായ സി അച്യുതമേനോനും പികെ വാസുദേവന്‍നായരും മുഖ്യമന്ത്രിമാരായി. അച്യുതമേനോന്‍ രണ്ടു തവണ മുഖ്യമന്ത്രിയായി. ഇക്കാലയളവാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഐയുടെ സുവര്‍ണകാലമായി വിലയിരുത്തപ്പെടുന്നത്. 1979 ല്‍ ഇടത് ഐക്യത്തിനായി പികെവി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു. 

1980 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ഭാഗമായിട്ടാണു സിപിഐ മത്സരിച്ചത്. 38 വര്‍ഷമായി സിപിഎമ്മും സിപിഐയും എല്‍ഡിഎഫില്‍ തുടരുന്നു. നായനാരുടെ മൂന്നു മന്ത്രിസഭകളിലും വി എസ് അച്യുതാനന്ദന്റെയും ഇപ്പോഴത്തെ പിണറായി വിജയന്റെയും സര്‍ക്കാരുകളില്‍ സിപിഐ ഘടകകക്ഷിയാണ്.

സിപിഐയുടെ 34 പേര്‍ സംസ്ഥാന മന്ത്രിമാരായി. ഇവരില്‍ ഒന്‍പതു പേര്‍ മാത്രമാണ് ഒന്നിലേറെ തവണ മന്ത്രിമാരായത്. മന്ത്രി പദവിയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം കൊടുത്തതും സിപിഐയാണ്. ഇതും മറ്റു പാര്‍ട്ടികളില്‍ നിന്നും സിപിഐയെ വ്യത്യസ്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com