കസ്റ്റഡി മരണത്തില്‍ ബലിയാടാക്കാന്‍ ശ്രമം ; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍

തങ്ങളെ കുരുക്കാന്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നു. ഇതുവഴി കുറ്റക്കാര്‍ രക്ഷപ്പെടുന്നു. നുണ പരിശോധന അടക്കം ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്
കസ്റ്റഡി മരണത്തില്‍ ബലിയാടാക്കാന്‍ ശ്രമം ; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍

കൊച്ചി : വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ തങ്ങളെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നതായി അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍. തങ്ങളെ കുരുക്കാന്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നു. ഇതുവഴി കുറ്റക്കാര്‍ രക്ഷപ്പെടുന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധന അടക്കം ഏത് ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണ്. ഇനി കോടതിയില്‍ മാത്രമേ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയോടും ഡിജിപിയോടും വീഡിയോ സന്ദേശത്തില്‍ അഭ്യര്‍ത്ഥിക്കുന്നു. 

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരമാണ് വാസുദേവന്റെ ആത്മഹത്യയിലെ പ്രതികളെ പിടിക്കാന്‍ പോയത്. വാസുദേവന്റെ സഹോദരന്‍ ഗണേശന്‍ പ്രതികളെ കാണഇച്ചുതരുമെന്നാണ് സിഐ പറഞ്ഞത്. ഓട്ടോയിലെത്തിയ തങ്ങള്‍ക്ക്, ഗണേശന്‍ പ്രതികളെ കാണിച്ചുതരികയായിരുന്നു. വീട്ടിലെത്തുമ്പോള്‍ ശ്രീജിത്ത് വീട്ടില്‍ കിടക്കുകയായിരുന്നു. അമ്മ കൊടുത്ത ഷര്‍ട്ടുമിട്ട് പുറത്തേക്കുവന്ന ശ്രീജിത്തിനെ, സിഐയുടെ നിര്‍ദേശ പ്രകാരം എത്തിയ പൊലീസ് ജീപ്പില്‍ കയറ്റി വിട്ടു. മറ്റു പ്രതികളെ പിടികൂടാനുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോയില്‍ അവരെ തേടിപ്പോയി. ഗണേശന്‍ ചൂണ്ടിക്കാണിച്ച പ്രതികളെയാണ് പിടികൂടിയത്. 

രാത്രി ഏകദേശം പതിനൊന്നു മണിയോടെ സ്‌റ്റേഷനിലെത്തിച്ച പ്രതികളുടെ ചിത്രങ്ങള്‍ തങ്ങള്‍ എടുത്തിരുന്നു. ഇവ പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഞങ്ങള്‍ പുലര്‍ച്ചെ നാലു മണിയോടെ പെരുമ്പാവൂരിലെത്തിയിരുന്നതായും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തങ്ങള്‍ മുളന്തുരുത്തിയില്‍ നില്‍ക്കുമ്പോഴായിരുന്നു സന്ദേശം ലഭിച്ചത്. ഉടന്‍ വരാപ്പുഴയിലെത്താനായിരുന്നു നിര്‍ദേശം. ടൈഗര്‍ഫോഴ്‌സിന്റെ വേഷമായിരുന്നു ധരിച്ചിരുന്നത്. എന്നാല്‍ സിഐയുടെ നിര്‍ദേശ പ്രകാരം പിന്നീട് മഫ്തിയിലാണ് പ്രതികളെ പിടിക്കാന്‍ പോയത്. 

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് തങ്ങളെ വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ആരും വിളിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് വിഷയമുണ്ടായാല്‍, തലേദിവസം പിടിച്ച ആളുകളെ വിളിച്ച് വിവരം തിരക്കുന്നത് സാധാരണമാണ്. തങ്ങളുടെ മര്‍ദനം മൂലമാണ് മരിച്ചതെങ്കില്‍ ലോക്കല്‍ പൊലീസ് വിളിക്കുമായിരുന്നില്ലേ എന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചു. തങ്ങള്‍ പിടിച്ച അഞ്ച് ആളുകളുടെയും ഫോട്ടോ എടുത്തിരുന്നു. അത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. 

സംഭവത്തില്‍ പൊലീസിലെ ഉന്നതര്‍ തങ്ങളെ ബലിയാടാക്കാന്‍ ശ്രമിക്കുകയാണ്. ഇനി കോടതിയില്‍ മാത്രമാണ് വിശ്വാസം. നിയമനടപടികളുമായി മുന്നോട്ടുപോകും. മരി്ച്ച സ്രീജിത്തിന്റെ കുടുംബത്തിനും, തങ്ങള്‍ക്കും നീതി കിട്ടണമെന്നും ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com