പരസ്പരം സഹകരിക്കുന്നതുകൊണ്ടാണ് ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെ സിപിഎമ്മിനെ എതിര്‍ക്കുന്നത്: പി ജയരാജന്‍ 

ഹിന്ദുത്വ-ഇസ്‌ലാമിക തീവ്രവാദ ശക്തികള്‍ പരസ്പരം സഹായിച്ച് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത 
പരസ്പരം സഹകരിക്കുന്നതുകൊണ്ടാണ് ആര്‍എസ്എസും ജമാഅത്തെ ഇസ്‌ലാമിയും ഒരുപോലെ സിപിഎമ്മിനെ എതിര്‍ക്കുന്നത്: പി ജയരാജന്‍ 

ഹിന്ദുത്വ-ഇസ്‌ലാമിക തീവ്രവാദ ശക്തികള്‍ പരസ്പരം സഹായിച്ച് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്,അതുകൊണ്ടാണ് ആര്‍എസ്എസും ജമാഅത്തെ ഇസ്‌ളാമിയും ഒരേ പോലെ സിപിഎമ്മിനെ എതിര്‍ക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. 

ഹര്‍ത്താല്‍ ദിവസത്തെ ആക്രമത്തെ ന്യായീകരിച്ചു കൊണ്ട് ജമാഅത്തെ ഇസ്ലാമിയും പോഷക സംഘടനകളും നടത്തിയ പ്രസ്താവനകള്‍ ആര്‍ എസ് എസിന് സഹായകരമാണ്. അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് ഇവരുടെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കയാണ്. ഇത് വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സഹായകരമാവുക. ഹിന്ദുത്വ-ഇസ്‌ലാമിക തീവ്രവാദ ശക്തികള്‍ പരസ്പരം സഹായിച്ച് കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.അതുകൊണ്ടാണ് ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ളാമിയും ഒരേ പോലെ സിപിഎമ്മിനെ എതിര്‍ക്കുന്നതതെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

മതനിരപേക്ഷത ശക്തമായി നിലനില്‍ക്കുന്ന സമൂഹമാണ് കേരളത്തിലേത്. അതിന് തക്ക ഉറച്ച നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. കത്വയില്‍ എട്ട് വയസ്സുകാരിയെ പിച്ചിച്ചീന്തിയ സംഘപരിവാര്‍ കാട്ടാളന്‍മാര്‍ക്കെതിരെ ലോകവ്യാപകമായി തന്നെ പ്രതിഷേധം ഉയര്‍ന്നു വരികയുണ്ടായി. അത്തരമൊരു സാഹചര്യത്തില്‍ സംഘപരിവാറിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്നതിന് പകരം എല്‍ഡിഎഫിന് എതിരെ വഴിതിരിച്ചു വിടാനാണ് കേരളാ ഇസ്ലാമിസ്റ്റുകളുടെ നീക്കം. ഇത് ബോധപൂര്‍വ്വമാണ്. ഈ നീക്കം തുറന്നുകാട്ടപ്പെട്ടു എന്നതാണ് ജമാഅത്തെ ഇസ്‌ളാമിയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും എസ്ഡിപിഐ യേയും ബേജാറിലാക്കുന്നത്. യഥാര്‍ത്ഥത്തില്‍ സിപിഎമ്മും എല്‍ഡിഎഫ് സര്‍ക്കാരുമാണ് സംഘപരിവാറിന്റെ കണ്ണിലെ കരടായി മാറിയിട്ടുള്ളത്.അവരുടെ അഖിലേന്ത്യാ തലത്തിലുള്ള ശത്രുപട്ടികയില്‍ ഒന്നാമതാണ് സിപിഎമ്മും സ:പിണറായി നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരുമാണ്.സര്‍ക്കാരിനെ അടിക്കാനുള്ള ഏത് അവസരവും ബിജെപി ആയുധമാക്കുകയാണ്.ഇത്തരമൊരു സാഹചര്യത്തില്‍ കേരളത്തിലെ ഇസ്‌ളാമിസ്റ്റുകളുടെ നീക്കം എന്തിനു വേണ്ടിയാണെന്നത് സമൂഹം ഗൗരവമായി ചിന്തിക്കണം-ജയരാജന്‍ പറയുന്നു.

മുസ്ലിം സമുദായത്തെ വഴി തെറ്റിച്ച് തങ്ങളുടെ കൂടെ അണിനിരത്താനാണ് ഇസ്‌ളാമിസ്റ്റുകളുടെ ശ്രമം.ഈ കെണിയില്‍ പെട്ട് ചിലരൊക്കെ വഴിതെറ്റിയിട്ടുണ്ടാവാം. അവര്‍ ഇപ്പോഴെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയണം. സിപിഎമ്മിന്റെ ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ ആദ്യ ദിവസം തന്നെ പാസാക്കിയ പ്രമേയം 'സംഘപരിവാര്‍ നടത്തിയ ഭീകരാക്രമണ കേസിലെ പ്രതികളെ വിട്ടയച്ചു കൊണ്ടുള്ള കോടതി വിധിയോട് വിയോജിച്ച്' കൊണ്ടാണ്.ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്‌ഫോടനത്തില്‍ ആദ്യ ഘട്ടത്തില്‍ നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെയാണ് പ്രതികളാക്കിയതും അറസറ്റ് ചെയ്തതും.അവര്‍ വര്‍ഷങ്ങളായി ഭരണകൂടത്തിന്റെ പീഡനങ്ങള്‍ക്കിരയായി ജയിലില്‍ കഴിഞ്ഞു. എന്നാല്‍ പിന്നീട് അസിമാനന്ദയുടെ കുറ്റസമ്മത മൊഴിയോടെ ഇത് സംഘപരിവാര്‍ ശക്തികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരാക്രമണം ആണെന്ന് തെളിഞ്ഞു. എന്നാല്‍ കുറ്റസമ്മത മൊഴി നല്‍കിയ അസീമനന്ദയെ ആണ് ഇപ്പോള്‍ കോടതി വെറുതെ വിട്ടത്. ഇത് അത്ഭുതം സൃഷ്ടിച്ച ഒരു കോടതി വിധിയാണ്. അസാധാരണമാണ്. ഇത് സംബന്ധിച്ച് അപ്പീല്‍ കൊടുക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് ആവശ്യപ്പെടുകയുണ്ടായി.

ഇതേപോലെ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ്ഗയിലും മഹാരാഷ്ട്രയിലെ മലേഗാവിലും നടന്ന സ്‌ഫോടഞങ്ങള്‍ സംഘപരിവാര്‍ ആസൂത്രണം ചെയ്തതാണെന്ന വെളിപ്പെടുകയുണ്ടായി. പക്ഷെ ഇതിനകം പത്തിലധികം വര്‍ഷങ്ങളാണ് കടന്നുപോയത്. ഇത്രയും കാലം നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തടങ്കലില്‍ വെക്കുകയാണ് ഭരണകൂടം ചെയ്തത്.പിന്നീട് സിപിഎം ഉല്‍പ്പടെയുള്ള പാര്‍ട്ടികള്‍ ഈ കാര്യത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരികയുണ്ടായി.ഇവിടെയെല്ലാം കാണുന്നത് മതന്യൂനപക്ഷങ്ങള്‍ക്കെതിരായിട്ടുള്ള സംഘപരിവാര്‍ ആക്രമങ്ങളെ പ്രതിരോധിക്കാന്‍ സിപിഎം ഉള്‍പ്പടെയുള്ള ഇടത് പാര്‍ട്ടികള്‍ നടത്തുന്ന ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളാണ്.അത് മറച്ചുവെക്കുന്നതിനു വേണ്ടിയാണ് ഇസ്‌ളാമിസ്റ്റുകളുടെ കുത്സിത നീക്കം.മുസ്ലിം ന്യൂനപക്ഷത്തില്‍ പെട്ടവരെ തീവ്രവാദികളുടെ കൂടെ നിര്‍ത്താനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണത്.ആ തന്ത്രം മുസ്ലിം ന്യൂനപക്ഷങ്ങളിലെ മഹാഭൂരിപക്ഷവും തിരിച്ചറിഞ്ഞു എന്നത് കൊണ്ടാണ് വിരലില്‍ എണ്ണാവുന്നവരെ മാത്രം അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞത്-ജയരാജന്‍ പറയുന്നു. 

കേരളത്തിലെ ഇസ്‌ളാമിസ്റ്റുകള്‍ക്ക് സമൂഹത്തിലെ വളരെ ചെറിയ ഒരു വിഭാഗത്തിന്റെ പിന്തുണ മാത്രമേ ഉള്ളൂ.അത് മാറ്റിയെടുക്കുന്നതിന് വേണ്ടി മുസ്ലിം ന്യുനപക്ഷങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാനുള്ള ആസൂത്രിത പരിപാടിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മാവോയിസ്റ്റുകളോടൊപ്പം പോലും കൈകോര്‍ക്കാന്‍ ഇവര്‍ തയ്യാറാവുന്നുണ്ട്.

നിലമ്പൂര്‍ വെടിവെപ്പ് ഉണ്ടായ സന്ദര്‍ഭത്തില്‍ നാടുനീളെ മാവോയിസ്റ്റുകളെ ന്യായീകരിച്ചുകൊണ്ട് രംഗത്ത് വന്നവരാണിവര്‍. നാടിന്റെ ഭാവിക്കും വികസനത്തിനും വേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാടുകളെ എതിര്‍ക്കുന്നതിന് പരിസ്ഥിതി മൗലിക വാദികളെ തെരുവിലറക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും നാട് കണ്ടതാണ്.തീര്‍ച്ചയായും ഇത്തരം നീക്കങ്ങള്‍ മതനിരപേക്ഷ സമൂഹം തിരിച്ചറിയും-ജയരാജന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com