ഫോറന്‍സിക് സര്‍ജന്‍ അസോസിയേഷന് മറുപടിയുമായി ഐജി ശ്രീജിത്ത്; മെഡിക്കല്‍ ബോര്‍ഡ് നിയമാനുസൃതം

വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചതിനെ ന്യായികരിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്.
ഫോറന്‍സിക് സര്‍ജന്‍ അസോസിയേഷന് മറുപടിയുമായി ഐജി ശ്രീജിത്ത്; മെഡിക്കല്‍ ബോര്‍ഡ് നിയമാനുസൃതം

എറണാകുളം: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചതിനെ ന്യായികരിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത്. നിയമാനുസൃതമായാണ് മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചത്. രണ്ട് ദിവസത്തിനകം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. 

നേരത്തെ വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ച സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഫോറന്‍സിക് സര്‍ജന്‍ അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ റിപ്പോര്‍ട്ടിന് അധികമായി മെഡിക്കല്‍ ബോര്‍ഡിന് ഒന്നും കണ്ടെത്താനാകില്ല. കേസ് അട്ടിമറിക്കാനുളള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഡോ ഹിതേഷ് ശങ്കര്‍ അറിയിച്ചു.ഇതിന് മറുപടിയായാണ് ഐജി ശ്രീജിത്ത് രംഗത്തുവന്നത്. 

കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനേറ്റ ക്ഷതത്തിന്റെ സ്വഭാവം മനസിലാക്കുന്നതിനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചത്. ഉദാഹരണത്തിന് , ശ്രീജിത്തിന്റെ പേശികളിലുണ്ടായ അസാധാരണമായ ചതവ് ഉരുട്ടല്‍ പോലെയുളള മുറകള്‍ പ്രയോഗിച്ചതിന്റെ ലക്ഷണമാണ്.

തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം പ്രഫസര്‍ ഡോ. കെ. ശശികല, ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ കര്‍ത്ത, തൃശ്ശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജനറല്‍ സര്‍ജറി വിഭാഗം അഡീഷനല്‍ പ്രഫസര്‍ ഡോ. ശ്രീകുമാര്‍, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്രഫസര്‍ ഡോ. പ്രതാപന്‍, കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം പ്രഫസര്‍ ഡോ. ജയകുമാര്‍ എന്നിവരാണു മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com