ശ്രീജിത്തിന് ശരിയായ ചികിത്സ ലഭിച്ചില്ല; മരണകാരണം പൊലീസ് മര്‍ദനമെന്ന് മെഡിക്കല്‍ ബോര്‍ഡ് 

പിടികൂടുന്നതിന് മുന്‍പുളള മര്‍ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന പൊലീസ് വാദവും പൊളിയുന്നു
ശ്രീജിത്തിന് ശരിയായ ചികിത്സ ലഭിച്ചില്ല; മരണകാരണം പൊലീസ് മര്‍ദനമെന്ന് മെഡിക്കല്‍ ബോര്‍ഡ് 

എറണാകുളം:വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു. അടിവയറ്റിനേറ്റ ക്ഷതമാണ് മരണകാരണം. ഇതിനെ തുടര്‍ന്ന് ഭക്ഷണം കഴിച്ചത് അണുബാധ വര്‍ധിക്കാന്‍ കാരണമായി. വയറില്‍ കടുത്ത അണുബാധ ഉണ്ടായിരുന്നു. ശസ്ത്ര ക്രിയ നടത്തിയിട്ടും ജീവന്‍ രക്ഷിക്കാന്‍ കഴിയാതിരുന്നത് ശരീരമാസകലം വ്യാപിച്ച അണുബാധയെ തുടര്‍ന്നെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

പിടികൂടുന്നതിന് മുന്‍പുളള മര്‍ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന പൊലീസ് വാദവും പൊളിയുന്നു. സമാനമായ ക്ഷതമേറ്റാല്‍ ആറു മണിക്കൂറില്‍ കൂടുതല്‍ സാധാരണ നിലയില്‍ തുടരാന്‍ കഴിയുകയില്ല. ശ്രീജിത്തിന് ഏപ്രില്‍ ഏഴാം തീയതി പുലര്‍ച്ചെ മുതല്‍ വേദനയും ചര്‍ദിയും തുടങ്ങി. ഈ പശ്ചാത്തലത്തില്‍ പിടികൂടുമ്പോഴുളള പൊലീസ് മര്‍ദനമാണ് ശ്രീജിത്തിന്റെ മരണകാരണമെന്ന നിഗമനത്തില്‍ മെഡിക്കല്‍ ബോര്‍ഡ് എത്തിയെന്നാണ് സൂചന. ഇതോടെ ആലുവ റൂറല്‍ എസ്പിയുടെ നിയന്ത്രണത്തിലുളള ആര്‍ടിഎഫിനെതിരെയുളള ആരോപണങ്ങള്‍ ഏറെ കുറെ ശരിവെയ്ക്കുകയാണ് മെഡിക്കല്‍ ബോര്‍ഡ്. 

 ഇതിനിടെ വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചതിനെ ന്യായികരിച്ച് ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് രംഗത്തുവന്നിരുന്നു. നിയമാനുസൃതമായാണ് മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ചത്. രണ്ട് ദിവസത്തിനകം മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഐജി ശ്രീജിത്ത് പറഞ്ഞു. 

നേരത്തെ വരാപ്പുഴ കസ്റ്റഡിമരണത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപികരിച്ച സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ ഫോറന്‍സിക് സര്‍ജന്‍ അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ റിപ്പോര്‍ട്ടിന് അധികമായി മെഡിക്കല്‍ ബോര്‍ഡിന് ഒന്നും കണ്ടെത്താനാകില്ല. കേസ് അട്ടിമറിക്കാനുളള സാഹചര്യമാണ് നിലനില്‍ക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ഡോ ഹിതേഷ് ശങ്കര്‍ അറിയിച്ചു.ഇതിന് മറുപടിയായാണ് ഐജി ശ്രീജിത്ത് രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com