കസ്റ്റഡി മരണത്തില്‍ നിലപാട് കടുപ്പിച്ച് ശ്രീജിത്തിന്റെ കുടുംബം ; എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹം കിടക്കുമെന്ന് അമ്മ

കേസ് നടപടികളില്‍ പറവൂര്‍ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണസംഘം വിലയിരുത്തി
കസ്റ്റഡി മരണത്തില്‍ നിലപാട് കടുപ്പിച്ച് ശ്രീജിത്തിന്റെ കുടുംബം ; എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹം കിടക്കുമെന്ന് അമ്മ

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിലപാട് കടുപ്പിച്ച് മരിച്ച ശ്രീജിത്തിന്റെ കുടുംബം. വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ വെച്ച് എസ് ഐ ദീപക്ക് ശ്രീജിത്തിനെ മര്‍ദിച്ചിരുന്നു. ഇത് ശ്രീജിത്ത് പറഞ്ഞിരുന്നു. കൂടാതെ സാക്ഷിമൊഴികളും ഇത് വ്യക്തമാക്കുന്നു. എന്നാല്‍ എസ്‌ഐയെ ഇതുവരെ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ല. കസ്റ്റഡി മരണത്തിന് ഉത്തരവാദിയായ എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സത്യാഗ്രഹം കിടക്കുമെന്ന് ശ്രീജിത്തിന്റെ അമ്മ വ്യക്തമാക്കി. 

എസ്‌ഐ ദീപക്കിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍, അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹം കിടക്കുമെന്നാണ് അമ്മ വ്യക്തമാക്കിയത്. ശ്രീജിത്തിന്റെ മരണത്തില്‍ ഉന്നതരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നുണ്ടോയെന്ന് സഹോദരനും സംശയം പ്രകടിപ്പിച്ചു. ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ച എസ്‌ഐ അടക്കമുള്ളവര്‍ ഇപ്പോഴും അറസ്റ്റിലാകാതെ പുറത്ത് നില്‍ക്കുന്നത് ഈ സംശയം ബലപ്പെടുന്നതായി സഹോദരന്‍ ആരോപിച്ചു.  

അതി്‌നിടെ കേസ് നടപടികളില്‍ പറവൂര്‍ സിഐയ്ക്ക് ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണസംഘം വിലയിരുത്തി. പ്രതിയെ സിഐ കണ്ടിരുന്നില്ല. പ്രതികളെ നേരില്‍ കാണാതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രേഖകളില്‍ കൃത്രിമം നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. 

ശ്രീജിത്തിന് മര്‍ദനമേറ്റത് കസ്റ്റഡിയിലെടുത്തപ്പോഴല്ലെന്ന് ആദ്യം പരിശോധിച്ച ഡോക്ടറുടെ മൊഴിയും പുറത്തുവന്നിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ പരിശോധനയില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ല. ശനിയാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഗുരുതര ക്ഷതമേറ്റതിന്റെ തെളിവുണ്ടായിരുന്നില്ല. 

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമോ, രാത്രിയോ ആകാം ശ്രീജിത്തിന് മരണത്തിലേക്ക് നയിച്ച ക്രൂരമര്‍ദനം ഉണ്ടായതെന്നും വരാപ്പുഴ മെഡിക്കല്‍ സെന്റര്‍ മേധാവി ഡോ. ജോസ് സക്കറിയ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്കപ്പ് മര്‍ദനം സ്ഥിരീകരിക്കുന്നത് വരാപ്പുഴ സ്റ്റേഷനിലെ പൊലീസുകാരെ വിശദമായ ചോദ്യം ചെയ്യലിന് വിധേയരാക്കാനും പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com