കെപിസിസി അധ്യക്ഷനാകാനില്ലെന്ന് കെ മുരളീധരന്‍ ; 'പ്രായവും പക്വതയും കൂടി പരിഗണിക്കണം'

താന്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നത് ശത്രുക്കള്‍ പറഞ്ഞുപരത്തുന്നതാണെന്ന് മുരളീധരന്‍
കെപിസിസി അധ്യക്ഷനാകാനില്ലെന്ന് കെ മുരളീധരന്‍ ; 'പ്രായവും പക്വതയും കൂടി പരിഗണിക്കണം'


കോഴിക്കോട് : കെപിസിസി അധ്യക്ഷനാകാന്‍ ഇല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. മുരളീധരന്റെ പേരും കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നു എന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി പ്രസിഡന്റ് ആരായാലും താന്‍ അംഗീകരിക്കും. പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കുന്നവരുടെ പ്രായവും പക്വതയും കൂടി കണക്കിലെടുക്കണം. എന്തായാലും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താന്‍ ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. 

കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് ബൂത്തുകമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കണമെന്നാണ് തന്റെ നിലപാട്. നിലവിലുള്ള 24,000 ലേറെ ബൂത്ത് കമ്മിറ്റികളില്‍ 40 ശതമാനത്തോളം മാത്രമേ പുനഃസംഘടിപ്പിച്ചിട്ടുള്ളൂ. ബാക്കിയുള്ളവ നിര്‍ജീവമാണ്.

ഈ നിലയില്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഉണ്ടാകുക. അതിനാല്‍ ബൂത്ത് കമ്മിറ്റികള്‍ പ്രവര്‍ത്തനനിരതമാക്കാന്‍ അടിയന്തര നടപടി എടുക്കണം. താന്‍ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നത് ശത്രുക്കള്‍ പറഞ്ഞുപരത്തുന്നതാണെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com