കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക, സാംസ്‌കാരിക രംഗത്തുള്ളവരുടെ സംയുക്ത പ്രസ്താവന. സംഘപരിവാറിനെതിരെ വിവിധ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരുമായ യുവാക്കള്‍ നടത്തിയ പ്രതിഷേധമാണ് ഹര്‍ത്താലില്‍ പ്രതിഫലിച്ചതെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
യുവാക്കള്‍ നടത്തിയ പ്രതിഷേധങ്ങളെ സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി വേട്ടയാടുകയാണ് കേരളത്തിലെ ഭരണ കൂടമെന്ന് പ്രസ്താവന കുറ്റപ്പെടുത്തുന്നു. ഇത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഹര്‍ത്താലിന്റെ പേരില്‍ കൈക്കൊള്ളുന്ന സ്വാഭാവിക നിയമ നടപടികള്‍ മനസിലാക്കാനാവും. എന്നാല്‍ സാമുദായിക ധ്രുവീകരണവും വര്‍ഗീയ കലാപവും ആരോപിച്ച് ഹര്‍ത്താല്‍ അനുകൂലികളെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വേട്ടയാടുന്നത് വിവേചനവും അനീതിയുമാണ്.
സംഘപരിവാര്‍ പടച്ചുണ്ടാക്കിയ സാമുദായിക ധ്രുവീകരണ വാദങ്ങള്‍ ആവര്‍ത്തിച്ച് കഴിഞ്ഞ രണ്ടു ദിവസമായി മലബാര്‍ മേഖലയില്‍ അന്യായമായി അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും വിട്ടയക്കണം. പൊലീസും ഭരണകൂടവും കാര്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ച് പൗരാവകാശ ലംഘന നടപടികളില്‍നിന്ന് പിന്‍മാറണം. കത്തുവ വിഷയത്തില്‍ നടന്ന പ്രതിഷേധം ഹിന്ദു സമൂഹത്തിന് എതിരാണെന്ന സംഘപരിവാര്‍ ആഖ്യാനം സിപിഎം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഏറ്റുപിടിക്കുന്നത് അപലപനീയമാണെന്നും പ്രസ്താവന പറയുന്നു.
ബിആര്‍പി ഭാസ്‌കര്‍, ടിടി ശ്രീകുമാര്‍, ഒ അബ്ദുറഹ്മാന്‍, സിപി ജോണ്‍, ഡോ. എംകെ രാമകൃഷ്ണന്‍, ബി രാജീവന്‍, ജെ ദേവിക, സിആര്‍ നീലകണ്ഠന്‍, ഗ്രോ വാസ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ