വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത ; കൊച്ചിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രതിദിന ട്രെയിന്‍ വരുന്നു

എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടും
വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷവാര്‍ത്ത ; കൊച്ചിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രതിദിന ട്രെയിന്‍ വരുന്നു

മധുര : വേളാങ്കണ്ണി തീര്‍ത്ഥാടകര്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ ട്രെയിന്‍ സര്‍വീസ് വരുന്നു. എണാകുളത്ത് നിന്നും വേളാങ്കണ്ണിയിലേക്ക് പ്രതിദിന ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് ധാരണയായത്. കൊല്ലം-ചെങ്കോട്ട പാതയിലെ പുതിയ സര്‍വീസുകളുമായി ബന്ധപ്പെട്ട് ഇന്നലെ മധുരയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയും റെയില്‍വേ അധികൃതരും നടത്തിയ യോഗത്തിലാണ് പുതിയ ട്രെയിന്‍ സര്‍വീസിന്  ധാരണയായത്. തിരുവനന്തപുരം, തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷനുകളുടെ അനുമതി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാനാകും. സ്ഥിരം സര്‍വീസിനു മുന്നോടിയായി സ്‌പെഷല്‍ ട്രെയിന്‍ ഓടിക്കാനുളള സാധ്യതയും റെയില്‍വേ ആരായുന്നുണ്ട്.


എറണാകുളത്തുനിന്നു കോട്ടയം, കൊല്ലം വഴിയുള്ള സര്‍വീസായതിനാല്‍ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് പുതിയ ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടും. വേളാങ്കണ്ണി റെയില്‍വേ സ്‌റ്റേഷന്‍ നിലവില്‍ വന്നെങ്കിലും കേരളത്തില്‍നിന്നു ഇതുവരെ പ്രതിദിന സര്‍വീസുകളൊന്നും ആരംഭിച്ചിട്ടില്ല. എറണാകുളത്തുനിന്നുള്ള കാരൈക്കല്‍ ട്രെയിന്‍ മാത്രമാണു ഈ റൂട്ടിലുള്ള കേരളത്തില്‍നിന്നുള്ള സര്‍വീസ്. 17 കോച്ചുകള്‍ മാത്രമുള്ള ട്രെയിനാണിത്. സാങ്കേതിക കാരണങ്ങളാല്‍ ഈ ട്രെയിനില്‍ കോച്ചുകള്‍ കൂട്ടാനും കഴിയില്ല.

പുനലൂര്‍ ചെങ്കോട്ട ഗാട്ട് സെക്ഷനായതിനാല്‍ തുടക്കത്തില്‍ 16 കോച്ചുകളായിരിക്കും പുതിയ വേളാങ്കണി ട്രെയിനിലുണ്ടാകുക. 24 കോച്ചുകളാക്കണമെങ്കില്‍ എട്ട് കോച്ചുകള്‍ ചെങ്കോട്ടയില്‍നിന്നു ഘടിപ്പിക്കേണ്ടി വരും. കേരളത്തില്‍നിന്നും ആവശ്യത്തിന് ട്രെയിന്‍ സര്‍വീസ് ഇല്ലാത്തതിനാല്‍ തീര്‍ഥാടകര്‍ക്ക് സ്വകാര്യ വാഹനങ്ങളെ ശ്രയിക്കേണ്ട് സാഹചര്യമായിരുന്നു. പുതിയ ട്രെയിന്‍ സര്‍വീസ് വരുന്നതോടെ ഈ ദുരിതത്തിന് പരിഹാരമാകും. 

കൂടാതെ, പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ് തിരുനെല്‍വേലിക്ക് നീട്ടാനും കൊല്ലം - പുനലൂര്‍ റൂട്ടിലോടുന്ന രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ തെങ്കാശി വരെ സര്‍വീസ് ദീര്‍ഘിപ്പിക്കാനും ധാരണയായിട്ടുണ്ട്. പാലരുവി എക്‌സ്പ്രസ് തൂത്തുകുടി വരെ സര്‍വീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. പാലക്കാട് പൊള്ളാച്ചി പാതയിലൂടെ സര്‍വീസ് നടത്തുന്ന കോയമ്പത്തൂര്‍-ചെങ്കോട്ട ട്രെയിന്‍ കൊല്ലം വരെ നീട്ടാനും സമര്‍ദമുണ്ട്. കൊല്ലത്തു നിന്നു പഴനിയിലേക്കു പോകുന്ന തീര്‍ഥാടകര്‍ക്കു ഈ ട്രെയിന്‍ സഹായകമാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.   
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com