ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും: മന്ത്രി

മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.
ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കും: മന്ത്രി

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ യുവതി ലിഗയുടെ മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ നാട്ടിലെത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ലിഗയുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നു. അവര്‍ക്ക് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ അനുവദിക്കും. അടുത്ത ദിവസം തന്നെ ഈ തുക കൈമാറുമെന്ന് ലിഗയുടെ സഹോദരി ഇല്‍സിയെ നേരില്‍ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഐഎഎസ് അറിയിച്ചിട്ടുണ്ട്.

ലിഗയുടെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകണമെന്ന് ഇല്‍സി ടൂറിസം ഡയറക്ടറെ അറിയിച്ചിരുന്നു. അതിന് വേണ്ടിയുള്ള നിയമ തടസങ്ങള്‍ മാറ്റാന്‍ സര്‍ക്കാരും ടൂറിസം വകുപ്പും മുന്‍കൈ എടുക്കും. കൂടാതെ മൃതദേഹം നാട്ടില്‍ കൊണ്ട് പോകാനുള്ള ചെലവ്, ബന്ധുക്കളുടെ യാത്ര ചെലവ്, കേരളത്തിലെ താമസ ചെലവ് തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.

വിഷാദരോഗബാധിതയായ ലിഗ(33)യെ ആയുര്‍വേദ ചികില്‍സക്കിടെ പോത്തന്‍കോട് നിന്ന് കഴിഞ്ഞ മാര്‍ച്ച് 14നാണ് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമനകിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് ശിരസറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളിലാണു ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നു നടന്ന ഫൊറിന്‍സിക് പരിശോധനയില്‍ അതു ലിഗയുടേതാണെന്നു വ്യക്തമാവുകയായിരുന്നു.

ലിഗയുടെ കാര്യത്തില്‍ ചികിത്സാ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് വേണ്ട മുന്‍കരുതല്‍ ഉണ്ടായിരുന്നില്ല എന്നാണ് കരുതുന്നത്. ഇക്കാര്യത്തില്‍ എന്തെങ്കിലും വീഴ്ച്ച സ്ഥാപനത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com