ലിഗയുടെ ശരീരത്തില്‍ പരിക്കുകളില്ലെന്ന് പൊലീസ്: മരണത്തിലെ ദുരൂഹത വിട്ടൊഴിയുന്നില്ല

കോവളത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്.
ലിഗയുടെ ശരീരത്തില്‍ പരിക്കുകളില്ലെന്ന് പൊലീസ്: മരണത്തിലെ ദുരൂഹത വിട്ടൊഴിയുന്നില്ല

തിരുവനന്തപുരം: കോവളത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട വിദേശ വനിത ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. ഇവരുടെ ശരീരത്തിലോ ആന്തരിക അവയവങ്ങളിലോ പരിക്കുകളോ പോറലുകളോ ഏറ്റിട്ടില്ല. എല്ലുകള്‍ക്ക് പൊട്ടലുമില്ല. വിഷം ഉള്ളില്‍ ചെന്നാകാം ഇവര്‍ മരിച്ചതെന്നും പൊലീസിന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വിഷാദ രോഗത്തിന് ചികിത്സയ്‌ക്കെത്തിയ ലിഗയെ മാര്‍ച്ച് 14നാണ് പോത്തന്‍കോട് നിന്ന് കാണാതാവുകയായിരുന്നു.  ലിഗയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തിരുവല്ലം പനത്തുറ പുനംതുരുത്തില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് ശിരസ് വേര്‍പെട്ട നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് കരമനകിള്ളിയാറിന്റെ തീരത്തോടടുത്ത ഭാഗത്ത് ചൂണ്ടയിടാന്‍ എത്തിയ യുവാക്കളാണ് ശിരസറ്റ ഒരു മൃതദേഹത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചത്. 

തുടര്‍ന്ന് പ്രദേശത്ത് ഇന്നലെയും ഇന്നും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായി ഒന്നും ലഭിച്ചിട്ടില്ല. മൃതദേഹം പഴകിയപ്പോള്‍ പട്ടിയോ മറ്റോ കടിച്ചത് മൂലമാണ് തല വേര്‍പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഒരു പാദവും വേര്‍പെട്ട നിലയിലായിരുന്നു.

പുറത്തുനിന്നുള്ളവര്‍ക്ക് എത്തിപ്പെടാന്‍ വളരെ പ്രയാസമുള്ളിടത്താണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. പ്രദേശത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്നവര്‍ക്കല്ലാതെ ഇവിടേക്ക് എത്താന്‍ കഴിയില്ല. അതിനാല്‍ ലിഗയ്ക്ക് പ്രാദേശികമായ സഹായം ലഭിക്കുന്നുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോവളം ലൈറ്റ് ഹൗസില്‍ നിന്ന് സമുദ്ര ബീച്ച് വഴി പനത്തുറ കടവ് കയറി വന്നാലേ മൃതദേഹം കണ്ടെത്തിയ വിജനമായ സ്ഥലത്തെത്താന്‍ കഴിയൂ. ബീച്ചില്‍ ഒറ്റപ്പെട്ട് നടക്കുകയായിരുന്ന ലിഗയെ ആരോ വശീകരിച്ച് ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നശേഷം അപായപ്പെടുത്തിയതോ, മദ്യലഹരിയില്‍ ഇവിടേക്കുവന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതോ ആകാമെന്നാണ് പൊലീസിന്റെ നിഗമനം. കാലുകള്‍ നിലത്ത് നീട്ടിവച്ചും കൈകള്‍ വള്ളിപ്പടര്‍പ്പില്‍ കുരുങ്ങിയ നിലയിലുമായിരുന്നു മൃതദേഹം കാണപ്പെട്ടത്. തലയും ഒരു കാലും ശരീരത്തില്‍ നിന്നും വേര്‍പെട്ടിരുന്നു. ഇതും സംശയങ്ങള്‍ക്ക് വഴി വച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com