ശ്രീജിത്തിന്റ കസ്റ്റഡി മരണം:  മുഖ്യമന്ത്രി വീട്ടിലെത്താത്തത് കുറ്റബോധം കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി

കുറ്റബോധം കൊണ്ടായിരിക്കാം മുഖ്യമന്ത്രി വരാപ്പുഴയിലെ വീട് സന്ദര്‍ശിക്കാതിരിക്കുന്നതെന്നും മുഖ്യമന്ത്രി ആ വിട്ടിലെത്തിയ ശേഷം സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി
ശ്രീജിത്തിന്റ കസ്റ്റഡി മരണം:  മുഖ്യമന്ത്രി വീട്ടിലെത്താത്തത് കുറ്റബോധം കൊണ്ടെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐക്ക് വിടണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂര്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി. കേരളത്തില്‍ നടക്കുന്ന കേസുകളിലെല്ലാം കുറ്റവാളികള്‍ പൊലിസുകാരാണ്. അല്ലെങ്കില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ സിബിഐ ആന്വേഷണം ആവശ്യപ്പെടുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ധാര്‍മികമായ ഉത്തരവാദിത്തമുണ്ട്. ആളുമാറി ഒരാളെ ലോക്കപ്പിലിട്ട് കൊലപ്പെടുത്തിയാല്‍ ആ സംഭവത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനില്ലേ. ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ശ്രീജിത്തില്‍ ലോക്കപ്പില്‍ മരണത്തിനിടയായത്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട്ടില്‍ എത്താത്തത് ദൗര്‍ഭാഗ്യകരമാണ്. കുറ്റബോധം കൊണ്ടായിരിക്കാം മുഖ്യമന്ത്രി വരാപ്പുഴയിലെ വീട് സന്ദര്‍ശിക്കാതിരിക്കുന്നതെന്നും മുഖ്യമന്ത്രി ആ വിട്ടിലെത്തിയ ശേഷം സിബിഐ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീ്ട്ടിലെത്തുന്നതിന് പകരം തെലങ്കാനയിലെ മോഡല്‍ പൊലീസ് സ്റ്റേഷന്‍ കാണാനാണ് പോയതെന്ന് ഉമ്മന്‍ചാണ്ടി പരിഹസിച്ചു

പൊലീസിനെതിരെ നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു നടപടി പോലും സ്വീകരിക്കാന്‍ മുഖ്യമന്ത്രിയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരോ  തയ്യാറായിട്ടില്ല. മാത്രമല്ല പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയോ തെറ്റോ എന്നതും അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. പൊലീസ് അച്ചടക്കം ലംഘിക്കുന്നത് പാര്‍ട്ടിക്ക് അനുകൂലമാകുമ്പോള്‍ ആ നടപടികളെ ന്യായികരിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. പൊലീസ് അസോസിയേഷന്‍ സമ്മേളനത്തിന് ചുവന്ന ഷര്‍ട്ടിട്ട് 19 പേര്‍ എത്തിയപ്പോള്‍ മുഖ്യമന്ത്രിയും ഡിജിപിയും നോക്കിനിന്നതല്ലാതെ മറ്റൊരു നടപടിയും സ്വീകരിച്ചില്ല. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ പൊലീസിലെ അച്ചടക്കം നഷ്ടമാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ശ്രീജിത്തിന്റെ കൊലപാതകത്തില്‍ കുറ്റവാളികള്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകാണം. ഇനിയെങ്കിലും ഈ നാട്ടിലെ ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ട് അന്വേഷണം സിബിഐക്ക് വിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com