ക്രൂഡ് വില പകുതി; ഇന്ധനവില റെക്കോഡില്‍; കേരളത്തില്‍ പെട്രോള്‍ വില 80 രൂപയിലേക്ക് 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഘട്ടംഘട്ടമായി താഴുമ്പോഴും രാജ്യത്ത് എണ്ണ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു
ക്രൂഡ് വില പകുതി; ഇന്ധനവില റെക്കോഡില്‍; കേരളത്തില്‍ പെട്രോള്‍ വില 80 രൂപയിലേക്ക് 

തിരുവനന്തപുരം: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഘട്ടംഘട്ടമായി താഴുമ്പോഴും രാജ്യത്ത് എണ്ണ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു. 2013ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 147 ഡോളര്‍ വരെ എത്തിയിരുന്ന സമയത്ത് പെട്രോളിന് കൊച്ചിയില്‍ 77.46 രൂപയും തിരുവനന്തപുരത്ത് 78.50 രൂപയുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അസംസ്‌കൃത എണ്ണയുടെ വില പകുതിയായി താഴ്ന്ന് 73.51 ഡോളര്‍ മാത്രമായ നിലവിലെ സാഹചര്യത്തിലും ഇന്ധനവില കുതിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യാന്തര എണ്ണ വില ഇരട്ടിയിലേറെ ഉണ്ടായിരുന്ന സമയത്തെ പെട്രോള്‍ വിലയ്ക്കടുത്താണ് ഇപ്പോഴെത്തിയിട്ടുളളത്. 

വാണിജ്യ തലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 82 രൂപ കടന്നതായാണ് റിപ്പോര്‍ട്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പെട്രോള്‍ വില 80 രൂപ മറികടക്കുമെന്നാണ് അനുമാനം.  തുടര്‍ച്ചയായ ദിവസങ്ങളില്‍ റെക്കോഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് ഇന്ധനവില കൂടി വരുകയാണ്. ഇന്ന് തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78 രൂപ 57 പൈസയായി. ഡീസലിന്റെ വിലയിലും വര്‍ധനയുണ്ട്. 71 രൂപ 49 പൈസയായാണ് ഡീസല്‍ വില വര്‍ധിച്ചത്.

പെട്രോളിന് ലിറ്ററിന് 14 പൈസ വര്‍ധിച്ചപ്പോള്‍, ഡീസലിന്റെ വിലയില്‍ 20 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലും വില വര്‍ധന അനുഭവപ്പെട്ടു. കൊച്ചിയില്‍ പെട്രോള്‍ വില 78.61 രൂപയായും ഡീസല്‍ വില  71.52 രൂപയായും ഉയര്‍ന്നു. കോഴിക്കോടും സ്ഥിതി വൃത്യസ്തമല്ല. ജില്ലയില്‍ പെട്രോള്‍ വില 77രൂപ 74പൈസയായും ഡീസല്‍ വില 70രൂപ 73 പൈസയായും ഉയര്‍ന്നു.

മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ടു രൂപയ്ക്കു മുകളിലുമാണു വര്‍ധന. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധന വില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് പെട്രോളിന് 68രൂപ 26 പൈസയും ഡീസലിന് 58 രൂപ 39 പൈസയും ഉണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ ഈ രീതിയില്‍ ഉയര്‍ന്നിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com