വെളളം ചേര്‍ക്കാതെ കഴിച്ചു; മദ്യപിച്ച് അവശരായ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ 

പതിനെട്ടുകാരനായ സുഹൃത്തിനെ കൊണ്ട് ബിവറേജസ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം വെളളം ചേര്‍ക്കാതെ തുടര്‍ച്ചായി കഴിച്ചതായി വിദ്യാര്‍ത്ഥികളിലൊരാള്‍ പൊലീസിന് മൊഴി നല്‍കി
വെളളം ചേര്‍ക്കാതെ കഴിച്ചു; മദ്യപിച്ച് അവശരായ നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗുരുതരാവസ്ഥയില്‍ 

കോട്ടയം: തലയോലപ്പറമ്പ് ബ്രഹ്മമംഗലത്തെ വിജനമായ പാടത്ത്, മദ്യപിച്ച് അബോധാവസ്ഥയില്‍ കിടന്ന നാലുവിദ്യാര്‍ത്ഥികളെ ജനപ്രതിനിധികളും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികളെ താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ബ്രഹ്മമംഗലത്തെ പാടവും ചെറുതോടുകളുമുളള ചെമ്പാലപ്പാടത്ത് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്കാണ് 13 നും 16നും മധ്യേ പ്രായമുളള നാലുവിദ്യാര്‍ത്ഥികളെ പ്രദേശവാസികള്‍ കണ്ടത്. ചെളിപുരണ്ട് അവശനിലയിലായിരുന്നു ഇവര്‍. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന പൊലീസ് സ്ഥലത്തെത്തി.

വാഹനമെത്താത്ത സ്ഥലത്ത് കിടന്ന കുട്ടികളെ റോഡ് വരെ ചുമലിലേറ്റിയാണ് വാഹനത്തില്‍ കയറ്റി വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ രണ്ടുവിദ്യാര്‍ത്ഥികള്‍ക്ക് ബോധമില്ലായിരുന്നു. മറ്റു രണ്ടുപേര്‍ അവ്യക്തമായി സംസാരിക്കാന്‍ കഴിയുന്ന നിലയിലായിരുന്നു. അതീവ ഗുരുതര സ്ഥിതിയിലായിരുന്ന 13 കാരനെ പ്രഥമ ശുശ്രൂഷ നല്‍കി ഉടന്‍ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

പിന്നിട് രണ്ടുപേരെ ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സിലും മറ്റൊരു കുട്ടിയെ സ്വകാര്യ ആംബുലന്‍സിലുമായി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നാലുവിദ്യാര്‍ത്ഥികളും ബന്ധുക്കളാണ്. പതിനെട്ടുകാരനായ സുഹൃത്തിനെ കൊണ്ട് ബിവറേജസ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം വെളളം ചേര്‍ക്കാതെ തുടര്‍ച്ചായി കഴിച്ചതായി വിദ്യാര്‍ത്ഥികളിലൊരാള്‍ പൊലീസിന് മൊഴി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com