ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; മരണം ശ്വാസം മുട്ടിയാകാമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ 

ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്ന് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിദഗ്ധര്‍
ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു; മരണം ശ്വാസം മുട്ടിയാകാമെന്ന് ഫൊറന്‍സിക് വിദഗ്ധര്‍ 

തിരുവനന്തപുരം: ലിത്വാനിയ സ്വദേശി ലിഗയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്ന് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കി. ഇതോടെ കൊലപാതക സാധ്യതയും അന്വേഷിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായിരിക്കുകയാണ്. നേരത്തെ ആത്മഹത്യയാണെന്ന നിഗമനത്തിലെത്തിച്ച് അന്വേഷണം പൂര്‍ത്തിയാക്കാനുളള പൊലീസിന്റെ  ശ്രമം ആക്ഷേപത്തിനിടയാക്കിയിരുന്നു. 

മൃതദേഹത്തില്‍ മാനഭംഗത്തിന്റെയോ ആക്രമണത്തിന്റെയോ ലക്ഷണങ്ങളില്ലെന്ന മൃതദേഹ പരിശോധന റിപ്പോര്‍ട്ട് വിലയിരുത്തിയാണ് പൊലീസ് ഈ നിഗമനത്തിലേക്ക് നീങ്ങിയത്. ശരീരത്തിലെ എല്ലുകളോ ഞരമ്പുകളോ മുറിഞ്ഞതിന്റെ ലക്ഷണമില്ല. കുത്തോ ക്ഷതമോ മുറിവുകളോ ഇല്ല. ആന്തരികാവയവങ്ങളിവും പരിക്കിന്റെ പാടുകളില്ല. വസ്ത്രങ്ങളെല്ലാം ശരിയായി തന്നെയുണ്ട്. മൃതദേഹ പരിശോധനയില്‍ മല്‍പ്പിടുത്തത്തിന്റെ ലക്ഷണങ്ങളില്ലെന്നും പൊലീസ് പറയുന്നു. 

അതേസമയം ലിഗയുടെ ദുരൂഹ മരണത്തില്‍ ചീട്ടു കളി സംഘത്തെ കസ്റ്റഡിയിലെടുത്തെന്ന് സൂചനയുണ്ട്. ലിഗയുടെ മൃതദേഹം കണ്ട കോവളം വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയില്‍ സ്ഥിരമായി ചീട്ടുകളിക്കാനെത്തുന്ന സംഘം പൊലീസ് കസ്റ്റഡിയിലായെന്നാണ് വിവരം. പണംവച്ചുള്ള ചീട്ടുകളിയും മദ്യപാനവും സ്ഥിരമായി നടക്കാറുള്ള സ്ഥലമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഈ പ്രദേശം അരിച്ചുപെറുക്കിയിരുന്നു. ഏറെ പഴക്കമില്ലാത്ത ഭക്ഷണവും വെള്ളക്കുപ്പികളും സിഗരറ്റ് കുറ്റികളും അവിടെ നിന്ന് ലഭിച്ചു. ഇവ ശാസ്ത്രീയപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ലിഗയുടെ മൃതദേഹം കണ്ടെത്തുന്നതിന് രണ്ടുദിവസം മുന്‍പ് കാറിലെത്തിയ സംഘം നാട്ടുകാരുമായി വഴക്കുണ്ടാക്കിയെന്നും പൊലീസിന് വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അവിടെ സ്ഥിരമായെത്തുന്ന ചീട്ടുകളി സംഘം പിടിയിലായതെന്നാണ് സൂചന. ഇവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ആത്മഹത്യാ സാദ്ധ്യത മാത്രമല്ല, എല്ലാ വശങ്ങളും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. പോത്തന്‍കോട്ടെ ഓട്ടോെ്രെഡവര്‍ ഷാജിയുടെ ഓട്ടോറിക്ഷയില്‍ മാര്‍ച്ച്14ന് കോവളം ഗ്രോവ് ബീച്ചില്‍ ലിഗ വന്നിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. മറ്റിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് ലിഗയെ കണ്ടെത്താനായിട്ടില്ല.

1500രൂപയോളം കൈയിലുണ്ടായിരുന്ന ലിഗ ഓട്ടോറിക്ഷാക്കൂലിയായി 800രൂപ നല്‍കി. ബീച്ചിനടുത്തു നിന്ന് ചൈനാനിര്‍മ്മിത ജാക്കറ്റ് 200 രൂപയ്ക്ക് വാങ്ങി. ഈ ജാക്കറ്റ് വിറ്റയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സമുദ്രബീച്ചിലെത്തി, തീരംവഴി നടന്ന് വാഴമുട്ടത്തെ കണ്ടല്‍ക്കാട് പ്രദേശമായ ചേന്തിലക്കരയിലെത്തിയെന്നാണ് നിഗമനം. വെള്ളത്താല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്ത് വള്ളം തുഴഞ്ഞും എത്താമെന്നതിനാല്‍ മറ്റാരെങ്കിലും കൂട്ടിക്കൊണ്ടു വന്നതാണോ എന്ന സംശയവും പൊലീസിനുണ്ട്. ഇവിടത്തെ സി.സി.ടി.വി കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നത് പൊലീസിന് തലവേദനയാണ്. ലിഗ ധരിച്ചിരുന്ന ചെരുപ്പിനെക്കുറിച്ച് അവ്യക്തതയുണ്ട്. ലിഗയുടെ ചെരുപ്പ് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

വളളിപ്പടര്‍പ്പില്‍ തൂങ്ങിയ നിലയില്‍ നിലത്തുമുട്ടിയിരുന്ന മൃതദേഹത്തിന്റെ തലയും പാദവും ഉണ്ടായിരുന്നില്ല. തല അടുത്തു നിന്ന് കിട്ടിയെങ്കിലും ഒരു പാദം കണ്ടെത്താനായിട്ടില്ല. മൃതദേഹം ജീര്‍ണിച്ചുപ്പോഴാവാം തല വേര്‍പെട്ടത്. തെരുവുപട്ടികളോ മറ്റ് മൃഗങ്ങളോ കടിച്ചെടുത്തതാവാം. ഒതങ്ങ ചെടികള്‍ നിറഞ്ഞ പ്രദേശത്താണ് മൃതദേഹം കണ്ടതെന്നതിനാല്‍ ലിഗ ഇത് ഭക്ഷിച്ചിരിക്കാന്‍ സാധ്യതയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com