കാരണവര്‍ തീരുമാനിക്കേണ്ട കാര്യത്തില്‍ കുശിനിക്കാരന്‍ അഭിപ്രായം പറയേണ്ട: കാനത്തിന് മാണിയുടെ മറുപടി

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ  സഹായം വേണ്ടെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കെ.എം മാണി
കാരണവര്‍ തീരുമാനിക്കേണ്ട കാര്യത്തില്‍ കുശിനിക്കാരന്‍ അഭിപ്രായം പറയേണ്ട: കാനത്തിന് മാണിയുടെ മറുപടി

കോട്ടയം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ  സഹായം വേണ്ടെന്നു പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടിയുമായി കെ.എം മാണി. കാരണവര്‍ തീരുമാനിക്കേണ്ട കാര്യത്തില്‍ കുശിനിക്കാരന്‍ അഭിപ്രായം പറയേണ്ട കാര്യമില്ല എന്ന് മാണി പറഞ്ഞു. സ്വന്തം മുന്നണിയെ പരാജയപ്പെടുത്താനാണ് കാനത്തിന്റെ ശ്രമം. ഒരു മുന്നണിയേയും അങ്ങോട്ട് ചെന്ന് സഹായിക്കേണ്ട ബാധ്യത കേരള കോണ്‍ഗ്രസിനില്ലയെന്നും മാണി കൂട്ടിച്ചേര്‍ത്തു. 

കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പ്രസ്താവനയെ തള്ളിയായിരുന്നു കാനത്തിന്റെ വാക്കുകള്‍. ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുമ്പ് ചെങ്ങന്നൂരില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ് എന്നുള്ള തന്റെ വാദം വീണ്ടും കാനം ആവര്‍ത്തിച്ചു. യുഡിഎഫില്‍ നിന്ന് പിണങ്ങി വന്നവരെയല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ വോട്ട് സ്വീകരിക്കും എന്നായിരുന്നു സജി ചെറിയാന്റെ പ്രസ്താവന. നൂറ് ശതമാനം വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ചെങ്ങന്നൂരില്‍ മാണിയെ ഒപ്പം നിര്‍ത്താനുള്ള നീക്കം സിപിഎം ആദ്യം മുതല്‍ തുടങ്ങിയിരുന്നു. മാണിയുമായി ഒരു സഹകരണവും വേണ്ടെന്ന സിപിഐയുടെ കടുംപിടുത്തത്തെ കേന്ദ്ര നേതാക്കളെ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് മയപ്പെടുത്താന്‍ സിപിഎം ശ്രമിച്ചുവരികയാരുന്നു. കേരള കോണ്‍ഗ്രസ് ബന്ധത്തെച്ചൊല്ലി ഇടതുമുന്നണിയില്‍ സിപിഎമ്മും സിപിഐയും വലിയ പോരിലേക്ക് നീങ്ങിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പരസ്യ പ്രസ്താവന ഒഴിവാക്കാന്‍ ഇരുപാര്‍ട്ടികളുടേയും കേന്ദ്ര നേതൃത്വങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കേരളത്തിലെ പാര്‍ട്ടിയുടെ നയം തീരുമാനിക്കുന്നത് സംസ്ഥാന ഘടകമാണ് എന്ന് വ്യക്തമാക്കി കാനം രാജേന്ദ്രന്‍ അന്നുതന്നെ രംഗത്ത് വന്നിരുന്നു. തങ്ങള്‍ നില്‍ക്കുന്നിടത്താകും വിജയം എന്നാണ് കെ.എം മാണിയുടെ അവകാശവാദം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com