ട്രേഡ് യൂണിയനുകള്‍ ഭരിക്കാന്‍ നോക്കരുത്; ആശയങ്ങള്‍ നല്‍കാമെന്ന് മന്ത്രി മൊയ്തീന്‍

കേരളത്തില്‍ ട്രേഡ് യൂണിയനുകള്‍ ശക്തമാണ്. അതിനാല്‍ ഞങ്ങള്‍ കല്‍പ്പിക്കും അത് അനുസരിച്ചാല്‍ മതിയെന്ന നിലപാട് മാനേജ്‌മെന്റുകള്‍ക്കു ചേര്‍ന്നതല്ല. 
ട്രേഡ് യൂണിയനുകള്‍ ഭരിക്കാന്‍ നോക്കരുത്; ആശയങ്ങള്‍ നല്‍കാമെന്ന് മന്ത്രി മൊയ്തീന്‍

കൊച്ചി: ട്രേഡ് യൂണിയനുകള്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകളുമായി നല്ല ബന്ധം നിലനിര്‍ത്തണമെന്നു മന്ത്രി എ.സി.മൊയ്തീന്‍. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് അനുകൂലമായ ആശയങ്ങള്‍ ട്രേഡ് യൂണിയനുകള്‍ക്കു നല്‍കാം. എന്നാല്‍ ഭരിക്കാന്‍ നോക്കരുതെന്നും മന്ത്രി പറഞ്ഞു.വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ സിഇഒമാര്‍ക്കും സിഎഫ്ഒമാര്‍ക്കും വേണ്ടി റിയാബ് സംഘടിപ്പിച്ച കോര്‍പറേറ്റ് ഗവേണന്‍സ് ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ട്രേഡ് യൂണിയനുകള്‍ ശക്തമാണ്. അതിനാല്‍ ഞങ്ങള്‍ കല്‍പ്പിക്കും അത് അനുസരിച്ചാല്‍ മതിയെന്ന നിലപാട് മാനേജ്‌മെന്റുകള്‍ക്കു ചേര്‍ന്നതല്ല. യൂണിയനുകളുടെ ആശയ നിര്‍ദേശങ്ങള്‍ പ്രയോജനകരമെങ്കില്‍ സ്വീകരിക്കാം. എന്നാല്‍ എല്ലാം യൂണിയന്‍ തീരുമാനിക്കട്ടെ, അതാണു തന്റെ നിലനില്‍പ്പിനു നല്ലതെന്നു മാനേജര്‍മാര്‍ ചിന്തിക്കാന്‍ പാടില്ല. അല്‍പ്പം വളയേണ്ട സന്ദര്‍ഭത്തില്‍ ഒടിയാന്‍ നില്‍ക്കുന്നതു നല്ലതല്ലെന്നും മന്ത്രി പറഞ്ഞു.  പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയമല്ല. പൊതുമേഖലയെ ശക്തിപ്പെടുത്തി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണു ലക്ഷ്യം. എന്നാല്‍ സാമ്പത്തിക ഞെരുക്കം മൂലം ഇപ്പോള്‍ പരിമിതികളുണ്ട്. ജിഎസ്ടി വന്നതും പ്രശ്‌നമായി. 

എങ്കിലും പരിമിതികള്‍ക്കുള്ളില്‍നിന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി അംഗീകരിക്കും. പക്ഷേ പൊതുമേഖലയ്ക്കു സാമ്പത്തിക പരിരക്ഷ മാത്രം പോര. മെച്ചപ്പെട്ട ഭരണ നിര്‍വഹണവും വേണം. വാര്‍ഷിക പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് ചോദിക്കുമ്പോള്‍ എല്ലാ സ്ഥാപനങ്ങളും നല്‍കണം. സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു മാനേജര്‍മാരും വേണ്ടതു ചെയ്യണമെന്നു മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com