കാനത്തിന് അതെങ്ങനെ പറയാനാവും? വോട്ടു വേണ്ടെന്നു തീരുമാനിക്കേണ്ടത് ഘടകകക്ഷി നേതാവല്ല: കോടിയേരി

കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്നു ഒരു ഘടകകക്ഷിക്കു മാത്രമായി പറയാനാവില്ല
കാനത്തിന് അതെങ്ങനെ പറയാനാവും? വോട്ടു വേണ്ടെന്നു തീരുമാനിക്കേണ്ടത് ഘടകകക്ഷി നേതാവല്ല: കോടിയേരി

കണ്ണൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്നു കാനത്തിനു പറയാനില്ല. എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് കോടിയേരി വ്യക്തമാക്കി.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ടു സ്വീകരിക്കും. കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്നു ഒരു ഘടകകക്ഷിക്കു മാത്രമായി പറയാനാവില്ല. എല്‍ഡിഎഫ് സംസ്ഥാന സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. മുന്നണിയിലുള്ളവര്‍ ഇങ്ങനെ വ്യത്യസ്തമായ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. 

ചെങ്ങന്നൂരില്‍ മാണിയുടെ സഹായം വേണ്ടെന്ന് കാനം രാജേന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. മുമ്പ് ചെങ്ങന്നൂരില്‍ മത്സരിച്ച് വിജയിച്ചത് കേരള കോണ്‍ഗ്രസിന്റെ സഹായമില്ലാതെയാണ്. യുഡിഎഫില്‍ നിന്ന് പിണങ്ങി വന്നവരെയല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ്. എല്‍ഡിഎഫിന് ജനങ്ങളുടെ പിന്തുണയുണ്ടെന്നും കാനം പറഞ്ഞു.

ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് (എം)ന്റെ വോട്ട് സ്വീകരിക്കും എന്ന് ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു കാനത്തിന്റെ പ്രതികരണം. ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എം ശക്തിയുള്ള പാര്‍ട്ടിയാണന്നും അവരുടെ വോട്ടു സ്വീകരിക്കുമെന്നും സജി ചെറിയാന്‍ ഇന്നു വീണ്ടും വ്യക്തമാക്കി. വര്‍ഗീയ കക്ഷികള്‍ ഒഴികെ ആരുടെ വോട്ടും ചെങ്ങന്നൂരില്‍ സ്വീകരിക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു.

അതിനിടെ കാനം രാജേന്ദ്രനു മറുപടിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് കെഎം മാണി രംഗത്തുവന്നു. കാനത്തിന്റെ നിലപാടു പ്രഖ്യാപനം സിപിഎമ്മിനെ തോല്‍പ്പിക്കാനെന്ന് മാണി പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് തീരുമാനിച്ചോളാമെന്നും കെഎം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ വോട്ടു വേണ്ടെന്ന കാനത്തിന്റെ പ്രഖ്യാപനം ഒരു വെടിക്കു രണ്ടു പക്ഷിയാണ്. സ്ഥാനാര്‍ഥി സിപിഎമ്മിന്റെയാണ്. സിപിഎം തോറ്റാല്‍ സിപിഐക്ക് ഒന്നും നഷ്ടപ്പെടാനില്ല. ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്ന് കെഎം മാണി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com