പിണറായി കൂട്ടക്കൊല: സൗമ്യയുടെ ഭർത്താവ് പിടിയിൽ 

പിണറായിയിൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയുടെ ഭർത്താവ് കിഷോറിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
പിണറായി കൂട്ടക്കൊല: സൗമ്യയുടെ ഭർത്താവ് പിടിയിൽ 


കണ്ണൂർ: പിണറായിയിൽ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സൗമ്യയുടെ ഭർത്താവ് കിഷോറിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. സൗമ്യയെ ഉപേക്ഷിച്ച് 2012ൽ നാടുവിട്ട കൊല്ലം സ്വദേശി കിഷോറിനെ അന്വേഷണ സംഘം കൊടുങ്ങല്ലൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 

കസ്റ്റഡിയിലെടുത്ത കിഷോറിനെ തലശ്ശേരിയിലെത്തിച്ച് അന്വേഷണസംഘം ചോദ്യം ചെയ്യും. കൊടുങ്ങല്ലൂരിൽ കിഷോർ കൂലിവേല ചെയതുജീവിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ഇളയമകൾ ഒന്നര വയസുകാരി കീർത്തന മരണപ്പെടുമ്പോൾ കിഷോർ സൗമ്യയോടൊപ്പം കഴിയുന്നുണ്ടായിരുന്നു. ഈ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടും സൗമ്യയുടെ പൂർവകാല ജീവിതത്തെ കുറിച്ചും അറിയാനാണ് കിഷോറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന

പിതാവ് കുഞ്ഞിക്കണ്ണൻ, മാതാവ് കമല, മൂത്തമകൾ ഐശ്വര്യ എന്നിവരെ എലിവിഷം നല്കി കൊലപ്പെടുത്തിയ കേസിലാണ് സൗമ്യയെ പൊലീസ് അറസ്റ്റുചെയ്തിരിക്കുന്നത്. കഴിഞ്ഞ നാലുമാസത്തിനിടയിലാണ് മൂന്നുപേരും മരിച്ചത്. മരണത്തിൽ ദുരൂഹത തോന്നി നാട്ടുകാർ രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷിച്ച് കൊലപാതകമാണെന്ന് കണ്ടെത്തിയത്. കുഞ്ഞിക്കണ്ണനും കമലയും ഐശ്വര്യയും മരിച്ചത് താൻ എലിവിഷം ഭക്ഷണത്തിൽ കലർത്തി നല്കിയതിന് ശേഷമാണെന്ന് സൗമ്യ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇളയമകൾ കീർത്തനയുടെ മരണം സ്വാഭാവികമരണമാണെന്നുമായിരുന്നു ചോദ്യം ചെയ്യലിനിടെ സൗമ്യയുടെ മൊഴി. ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല. ആറുവർഷം മുമ്പ് മരിച്ച കീർത്തനയുടെ മരണം ശാസ്ത്രീയമായി അന്വേഷിച്ച് വസ്തുത കണ്ടെത്തുക പ്രയാസമാണെന്നതിനാലാണ് കിഷോറിനെ ചോദ്യം ചെയ്യുന്നത്. മൂന്നുപേർ മരിച്ച അതേ ലക്ഷണത്തോടെയായിരുന്നു കീർത്തനയുടെ മരണമെന്ന് ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, കിഷോർ കീർത്തനയുടെ ജനനത്തിൽ സൗമ്യയെ സംശയിച്ചിരുന്നതായി സൗമ്യയുടെ മൊഴികളിലുണ്ട്. ഇതേതുടർന്ന് ഇരുവരും വഴക്കിടുകയും സൗമ്യയെ കിഷോർ എലിവിഷം നല്കി കൊലപ്പെടുത്താൻ ശ്രമിച്ചതായും പറയുന്നുണ്ട്. ഇതാണ് കീർത്തനയുടെ മരണവും കൊലപാതകമാണോ എന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്.

കൂട്ട കൊലപാതകത്തിൽ തന്റെ കാമുകന്മാർ ഉൾപ്പെടെ മറ്റാർക്കും പങ്കില്ലെന്നാണ് ചോദ്യം ചെയ്യലിൽ സൗമ്യ ആവർത്തിച്ച് വ്യക്തമാക്കിയത്. ഇത് പൊലീസിനെയും കുഴക്കുന്നുണ്ട്. ഇത്രയും ക്രൂരമായ സംഭവം നടന്നിട്ടും മൂന്ന് കാമുകന്മാരോടും പറയുകയോ അവർ അറിയുകയോ ചെയ്തില്ലെന്നത് വിശ്വസിക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. കൊലയുമായി ബന്ധപ്പെട്ട് പൊലീസ് ഇതേവരെ അമ്പതോളം പേരെ ചോദ്യം ചെയ്ത് കഴിഞ്ഞു. കൊലപാതകങ്ങൾക്ക് മുമ്പും ശേഷവും സൗമ്യ ഒരു കാമുകനുമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്. എന്നാൽ കാമുകന്മാരെ ചോദ്യംചെയ്തതിൽ നിന്ന് കാര്യമായ ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ചിന് കേസ് ഇതേവരെ കൈമാറിയിട്ടില്ലെങ്കിലും ക്രൈംബ്രാഞ്ച് സംഘം ഇന്ന് വൈകുന്നേരം സൗമ്യയെ ചോദ്യം ചെയ്യുന്നുണ്ട്. ഇരിട്ടി സ്വദേശിയായ സ്ത്രീയാണ് തന്നെ അനാശാസ്യ രംഗത്തേക്ക് ഇറക്കിയതെന്ന് സൗമ്യ വെളിപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ സൗമ്യയ്ക്ക് അരികിലെത്തിയെന്നും പറയുന്നു. ഇവർക്കൊന്നും കൊലപാതകത്തെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ലെന്ന് വരുമ്പോൾ ഇതുസംബന്ധിച്ച വിശദമായ അന്വേഷണം ആവശ്യമാണെന്നതിനാലാണ് കൈംബ്രാഞ്ച് ഇടപെടുന്നത്. നാലുദിവസത്തേക്കാണ് സൗമ്യയെ കോടതി ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com