'മനുഷ്യാവകാശ കമ്മിഷന്റേത് വിലകുറഞ്ഞ പബ്ലിസിറ്റി തന്ത്രവും വിവരക്കേടും'

മനുഷ്യാവകാശ കമ്മീഷന് ആക്ഷന്‍ എടുക്കാനുള്ള അവകാശമില്ലായെന്നും ശുപാര്‍ശാ അധികാരം മാത്രമേയുള്ളൂവെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍.
'മനുഷ്യാവകാശ കമ്മിഷന്റേത് വിലകുറഞ്ഞ പബ്ലിസിറ്റി തന്ത്രവും വിവരക്കേടും'

നുഷ്യാവകാശ കമ്മീഷന് ആക്ഷന്‍ എടുക്കാനുള്ള അവകാശമില്ലായെന്നും ശുപാര്‍ശാ അധികാരം മാത്രമേയുള്ളൂവെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍. അതില്‍ കൂടുതല്‍ കാണിക്കുന്ന എന്തും വെറും മീഡിയ പബ്ലിസിറ്റി നേടാനുള്ള വിലകുറഞ്ഞ തന്ത്രവും വിവരക്കേടും അധികാര ദുര്‍വിനിയോഗവും ആണെന്നാണ് ഹരീഷ് പറയുന്നത്.

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബി ഐക്ക് വിടണമെന്നും സിനിമയില്‍ പീഡനസീനുകളില്‍ 'പീഡനം കുറ്റകരം' എന്ന് മുന്നറിയിപ്പ് കാണിക്കണമെന്ന് സെന്‍സര്‍ ബോര്‍ഡിനോടും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം. 

മീഡിയ പബ്ലിസിറ്റിയ്ക്കായി മനുഷ്യാവകാശ കമ്മീഷന്‍ നടത്തുന്ന എല്ലാ ഇടപെടലുകളും പൊതുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കണം. കമ്മീഷനോട് അവരുടെ പണിയും സര്‍ക്കാരിനോട് അവരുടെ പണിയും ചെയ്യാന്‍ നാം ഉച്ചത്തില്‍ പറയേണ്ട സമയമായി എന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഏത് മനുഷ്യാവകാശ പ്രശ്നം നാട്ടിൽ ഉണ്ടായാലും കേൾക്കുന്ന ഒരു വാർത്തയുണ്ട്, 'മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു'. എന്നിട്ടെന്തായി?? അങ്ങനെ എടുത്ത കേസുകൾക്കൊക്കെ എന്ത് സംഭവിച്ചു? എത്രപേരെ ശിക്ഷിച്ചു? പരാതിയുമായി പോയ എത്രപേർക്ക് നീതി കിട്ടി? പത്രവർത്തകൾക്ക് അപ്പുറം മനുഷ്യാവകാശ കമ്മീഷൻ എന്താണ് ചെയ്യുന്നത്?

കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ടു മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ മോഹൻദാസ് പറഞ്ഞത്, അന്വേഷണം CBI യ്ക്ക് വിടണം എന്നാണ്. പോലീസ് പ്രതിയായ കേസുകൾ പോലീസ് അന്വേഷിക്കരുത് എന്ന തത്വം അനുസരിച്ചു മറ്റൊരു ഏജൻസി അന്വേഷിക്കണമെന്ന് പറയാൻ തീർച്ചയായും കമ്മീഷന് അവകാശമുണ്ട്. ടി.വിയിലല്ല, എഴുതി സർക്കാരിന് നൽകുകയാണ് വേണ്ടത്. മറുപടിയായി മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞതോ? "കമ്മീഷൻ കമ്മീഷന്റെ പണി ചെയ്താൽ മതി" എന്ന്. എന്തൊക്കെയാണ് കമ്മീഷന്റെ പണികൾ എന്ന് സ്വാഭാവികമായും ആളുകൾ അന്വേഷിക്കും. അപ്പോഴിതാ കമ്മീഷൻ കേന്ദ്രസെൻസർബോർഡിനോട് ഉത്തരവിടുന്നു, സിനിമയിൽ പീഡനസീനുകളിൽ "പീഡനം കുറ്റകരം" എന്ന് മുന്നറിയിപ്പ് കാണിക്കണം എന്ന്. അല്ലെങ്കിൽ യുവാക്കൾ വഴിതെറ്റുമെന്ന് !!

സെൻസർ ബോർഡ് കേന്ദ്ര സർക്കാരിന് കീഴിൽ കേന്ദ്ര നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷന് കേന്ദ്രസർക്കാരിന് കീഴിലെ ഒരു സ്ഥാപനത്തോടും ഉത്തരവിടാനുള്ള അധികാരമില്ല. (നിയമപരമായ മുന്നറിയിപ്പ് അടക്കം സിനിമയിൽ എന്തെങ്കിലും അധികമായി പ്രദർശിപ്പിക്കാൻ പറയാനുള്ള സെൻസർ ബോർഡിന്റെ തന്നെ അധികാരം നിയമത്തിലുള്ളതല്ല, കോടതി അത് ചവറ്റുകൊട്ടയിൽ ഇടാൻ അധികം താമസമുണ്ടാവില്ല.)

ഇനി കേരള സർക്കാരിന് കീഴിലെ സ്ഥാപനങ്ങളോട് പോലും ഒരു ഉത്തരവിടാനുള്ള അവകാശം മനുഷ്യാവകാശ കമ്മീഷന് ഇല്ല. മനുഷ്യാവകാശം ലംഘിക്കപ്പെട്ടതായി പരാതി കിട്ടിയാലോ വിവരം ലഭിച്ചാലോ, ഏത് സർക്കാർ സംവിധാനമാണ് മനുഷ്യാവകാശം സംരക്ഷിക്കാൻ പരാജയപ്പെട്ടത് എന്ന് അന്വേഷണം നടത്തി, ആളുകളെ വിളിച്ചുവരുത്തി തെളിവെടുക്കാനും, വസ്തുത കണ്ടെത്താനും അവർക്കെതിരെ നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യാനും, കൂടിപ്പോയാൽ ഇരയ്ക്ക് നഷ്ടപരിഹാരം നൽകാൻ ശുപാർശ ചെയ്യാനും മാത്രമേ കമ്മീഷന് അധികാരമുള്ളൂ.

മനുഷ്യാവകാശ ലംഘനക്കേസുകൾ നടത്താനായി ജില്ലാതലത്തിൽ പ്രത്യേക കോടതികൾ വേണ്ടതാണെങ്കിലും അത് ഇതുവരെ സംസ്ഥാനസർക്കാർ ഉണ്ടാക്കിയിട്ടില്ല എന്നതിനാൽ വിചാരണയുടെ പ്രശ്നം ഉദിക്കുന്നേയില്ല. ലംഘകരുടെ നല്ലകാലം. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ പണി ചെയ്യുന്നുണ്ടോ എന്ന് ചോദിക്കേണ്ട രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പണി ചെയ്യുന്നുണ്ടോ എന്ന് ചോദിക്കേണ്ട നമ്മൾ ജനങ്ങൾ ആ പണി ചെയ്യുന്നുണ്ടോ???

മനുഷ്യാവകാശ കമ്മീഷൻ നൽകുന്ന ശുപാർശകൾ സർക്കാർ നടപ്പാക്കുന്നില്ല എങ്കിൽ അതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള അധികാരവും കമ്മീഷനുണ്ട്. എന്നിട്ടു കഴിഞ്ഞ 10 വർഷത്തിനിടെ എത്ര നിർദ്ദേശങ്ങൾ നടപ്പാക്കാൻ കമ്മീഷൻ കോടതിയിൽ പോയി !!
പൂജ്യം എന്നാണ് ഉത്തരമെങ്കിൽ, പിന്നെന്തിനാണ് ജനങ്ങളുടെ നികുതിപ്പണം നശിപ്പിക്കാൻ ഇങ്ങനെയൊരു കമ്മീഷൻ? എന്തിനായിരുന്നു ഈ വാർത്താ നാടകങ്ങൾ??

ഈ ശുപാർശാ അധികാരം മാത്രമേ കമ്മീഷനുള്ളൂ. അതിൽ കൂടുതൽ കാണിക്കുന്ന എന്തും വെറും മീഡിയ പബ്ലിസിറ്റി നേടാനുള്ള വിലകുറഞ്ഞ തന്ത്രവും വിവരക്കേടും അധികാര ദുർവിനിയോഗവും ആണ്. ഇത് മറച്ചുവെച്ചാണ് ജനങ്ങളെ മുഴുവൻ "ഇപ്പൊ ശര്യാക്കിത്തരാ" എന്ന മട്ടിൽ കമ്മീഷനുകൾ പത്രവാർത്തയും കടലാസിന്റെ പോലും വിലയില്ലാത്ത ഉത്തരവും നൽകി പറ്റിക്കുന്നത്. ഇതൊന്നും അറിയാതെ പാവങ്ങൾ ദൈനംദിന ജീവിതത്തിലെ പല പരാതിയുമായി കമ്മീഷനേയും സമീപിച്ചു നീതി കാത്തിരിക്കുകയാണ്.

മീഡിയ പബ്ലിസിറ്റിയ്ക്കായി മനുഷ്യാവകാശ കമ്മീഷൻ നടത്തുന്ന എല്ലാ ഇടപെടലുകളും പൊതുസമൂഹം ഒറ്റക്കെട്ടായി എതിർക്കണം. കമ്മീഷനോട് അവരുടെ പണിയും സർക്കാരിനോട് അവരുടെ പണിയും ചെയ്യാൻ നാം ഉച്ചത്തിൽ പറയേണ്ട 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com