ലിഗയുടെ കൊലപാതകം: കണ്ടല്‍ക്കാടില്‍ നിന്ന് മുടിയിഴകള്‍ കണ്ടെത്തി; ലിഗയുടേതല്ലെന്ന് സൂചന

ലിഗയുടെ കൊലപാതകം: കണ്ടല്‍ക്കാടില്‍ നിന്ന് മുടിയിഴകള്‍ കണ്ടെത്തി; ലിഗയുടേതല്ലെന്ന് സൂചന

വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസ് കണ്ടെത്തി. ലിഗയുടെ മൃതദേഹം കണ്ട വാഴയമുട്ടത്തുനിന്നും മുടിയിഴകള്‍ കണ്ടെത്തി

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസ് കണ്ടെത്തി. ലിഗയുടെ മൃതദേഹം കണ്ട വാഴയമുട്ടത്തുനിന്നും മുടിയിഴകള്‍ കണ്ടെത്തി. ഇത് ലിഗയുടേതാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു. മുടിയിഴകള്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വാഴയമുട്ടത്തെ രണ്ട് ഫൈബര്‍ ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

ലിഗയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാകാമെന്നാണ്പൊലീസ് നിഗമനം. പൊലീസ് സര്‍ജന്‍മാരുടെ പ്രാഥമിക അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നിഗമനം.

ലിഗയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ ലഭിക്കും. അതിനിടെയാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്യുന്നതായും മരണവുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

അതേസമയം ലിഗയെ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി പൊലീസ് കണ്ടെത്തി. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരണത്തിനു പിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്ക് പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നും, മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നു മുതല്‍ പലരും ഒളിവിലാണെന്നും പ്രദേശവാസിയായ കടത്തുകാരന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com