ലിഗയുടെ മരണം: ആയൂര്‍വേദ കേന്ദ്രത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; സുരക്ഷ ഉറപ്പാക്കിയില്ല

വിഷാദ രോഗാവസ്ഥയിലുള്ള ഒരാള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനോ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോ ആയൂര്‍വേദകേന്ദ്രം തയ്യാറായില്ല
ലിഗയുടെ മരണം: ആയൂര്‍വേദ കേന്ദ്രത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; സുരക്ഷ ഉറപ്പാക്കിയില്ല


തിരുവനന്തപുരം: ലാതിയ സ്വദേശി ലിഗയുടെ മരണത്തില്‍ ആയൂര്‍വേദ കേന്ദ്രത്തിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ലിഗ കടുത്ത വിഷാദരോഗത്തിന് ചികിത്സ തേടിയാണ് കേരളത്തിലെത്തിയത്. എന്നാല്‍ അത്തരം മാനസികാവസ്ഥയിലുള്ള ഒരാള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനോ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോ യാതൊരുവിധ ശ്രദ്ധയും ലിഗ ചികിത്സ തേടിയ പോത്തന്‍കോട് ധര്‍മ്മ ആയുര്‍വേദ ഹീലിംഗ് സെന്റര്‍ അധികൃതര്‍ നല്‍കിയിരുന്നില്ല. ഇതാണ് ലിഗ ഒറ്റയ്ക്ക് പുറത്ത് പോയതിന്റെയും പിന്നീട് കാണാതായതിന്റെയും പ്രാഥമിക കാരണം. എന്നാല്‍ ഈ സ്ഥാപനത്തിന്റെ അലംഭാവത്തിന് എതിരെ ആരുടേയും പരാമര്‍ശം ഉണ്ടായതായി കണ്ടില്ല. മാധ്യമങ്ങളും ഇക്കാര്യത്തില്‍ മൗനം പാലിച്ചു. എന്നാല്‍ സര്‍ക്കാരിന്റെയും ടൂറിസം വകുപ്പിന്റെയും ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ലിഗയുടെ മരണത്തിന്റെ യാഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്. എന്നാല്‍ ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാരിന്റെയും പോലീസിന്റെയും വീഴ്ച്ചയാണെന്ന് ഏകപക്ഷീയമായി പ്രചരിപ്പിക്കുകയും അതുവഴി മുതലെടുപ്പിനാണ് ചിലര്‍ ശ്രമിക്കുന്നത്.
കാണാതായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. കോവളം തീരം വരെ ലിഗ എത്തിയെന്നതിന്റെ അടിസ്ഥാനത്തില്‍ ആ ഭാഗത്ത് കരയിലും കടലിലും തിരച്ചില്‍ നടത്തി. ഐ.ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഊര്‍ജിതമായ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും സഹായത്തോടെ പൊതുസമൂഹമാകെ ഈ പരിശ്രമത്തില്‍ അണിചേര്‍ന്നതും എടുത്ത് പറയേണ്ടതാണ്. എന്നാല്‍ കാണാതായ ആദ്യ ദിവസങ്ങളില്‍ തന്നെ ലിഗ മരണപ്പെട്ടിരിക്കാമെന്ന നിഗമനമാണുള്ളത്. ഇത്തരമൊരു അത്യാഹിതം സംഭവിച്ചില്ലായിരുന്നെങ്കില്‍ ലിഗയെ കണ്ടെത്താന്‍ നമുക്ക് സാധിക്കുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നും കടകംപള്ളി പറഞ്ഞു

കേരളത്തിലെത്തുന്ന ഓരോ വിനോദസഞ്ചാരിയും നമ്മുടെ അതിഥികളാണ്. അവരുടെ സുരക്ഷിതത്വം നമ്മളോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകാനോ ആരെയെങ്കിലും വെള്ള പൂശാനോ അല്ല ശ്രമിക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഏറെ പിറകിലാണ് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ നമ്മുടെ രാജ്യത്തെത്തുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ടൂറിസ്റ്റുകള്‍ക്ക് താരതമ്യേനെ ഏറ്റവും സുരക്ഷിതത്വം ഉറപ്പ് നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ഇവിടം സന്ദര്‍ശിച്ച് പോയ നിരവധി വിദേശ വിനോദസഞ്ചാരികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന് പ്രാധാന്യം ലഭിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണിത്. എന്നാല്‍ ലിഗയുടെ മരണത്തിന്റെ പശ്ചാത്തലം ഉയര്‍ത്തിക്കാട്ടി ചിലര്‍ ദുഷ് പ്രചരണം നടത്താന്‍ ശ്രമിക്കുന്നുണ്ട്. ലിഗയുടെ മരണം ഒറ്റപ്പെട്ട സംഭവമാണെങ്കിലും അത്തരത്തില്‍ നിസാരവത്കരിക്കാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല.

സഹോദരി മരിച്ച ദുഖത്തില്‍ കഴിയുന്ന ഇല്‍സയേയും ഭാര്യ മരിച്ച ദുഖത്തില്‍ കഴിയുന്ന ആന്‍ഡ്രുവിനെയും സമാധാനിപ്പിക്കാനും അവരുടെ ദുഖത്തില്‍ പങ്ക് ചേരാനും ലിഗയുടെ യാഥാര്‍ഥ മരണകാരണം കണ്ടെത്താനുമാണ് സര്‍ക്കാര്‍ ഈ അവസരത്തില്‍ ശ്രമിക്കുന്നത്. ലിഗയുടെ മൃതദേഹം സ്വദേശത്ത് കൊണ്ട് പോകുന്നതിനുള്ള എല്ലാവിധ സഹായങ്ങളും ടൂറിസം വകുപ്പ് നല്‍കും. ലിഗയുടെ സഹോദരി ഇല്‍സയ്ക്കും ഭര്‍ത്താവ് ആണ്ട്രൂവിനും താമസം ഉള്‍പ്പടെയുള്ള എല്ലാവിധ സൗകര്യങ്ങളും വകുപ്പ് ഒരുക്കിയിട്ടുണ്ട്. ആ കുടുംബത്തിന് അടിയന്തര സഹായമായി 5 ലക്ഷം രൂപയ്ക്ക് തുല്യമായ യൂറോ ഇന്നലെ കൈമാറി. മാതൃകാപരമായി അന്വേഷണം പൂര്‍ത്തിയാക്കി ഇല്‍സയ്ക്കും ആന്‍ഡ്രുവിനും നീതി ഉറപ്പാക്കാനും അതുവഴി ലോക സമൂഹത്തിന് മുന്നില്‍ കേരളത്തിന്റെയും കേരള ടൂറിസത്തിന്റെയും യശസ്സ് ഉയര്‍ത്തികാണിക്കാനും സര്‍ക്കാരിനാവുമെന്നും കടകംപള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com