വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസ് പുറത്തുവിട്ട രേഖ വ്യാജം 

വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസ് പുറത്തുവിട്ട രേഖ വ്യാജമെന്ന് റിപ്പോര്‍ട്ട്.
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസ് പുറത്തുവിട്ട രേഖ വ്യാജം 

എറണാകുളം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസ് പുറത്തുവിട്ട രേഖ വ്യാജമെന്ന് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസ് പ്രചരിപ്പിച്ച മൊഴി കേസ് ഫയലില്‍ ഇല്ല. കേസിലെ പരാതിക്കാരന്റെ മൊഴിയെന്ന പേരിലാണ് പൊലീസ് ഈ വ്യാജരേഖ ഉണ്ടാക്കിയത്. ചില മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച ഈ രേഖയുടെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മൊഴി വാര്‍ത്തയാക്കിയ മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കിയേക്കും.

വാസുദേവന്റെ വീട് ആക്രമിച്ചവരുടെ കൂട്ടത്തില്‍ ശ്രീജിത്തിനെ കണ്ടിരുന്നില്ലെന്ന് പരാതിക്കാരനായ വിനിഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ബദലായി ശ്രീജിത്തിനെ പൊലീസ് സ്റ്റേഷനില്‍ വച്ചു തിരിച്ചറിഞ്ഞു എന്നത് ഉള്‍പ്പെടെയുളള മൊഴിയാണ് പരാതിക്കാരന്റെ പേരില്‍ പൊലീസ് വ്യാജമായി തയ്യാറാക്കിയത്. ശ്രീജിത്ത് പ്രതിയെന്ന് സ്ഥാപിക്കാന്‍ പൊലീസ് പ്രചരിപ്പിച്ച ഈ മൊഴി ഇപ്പോള്‍ കേസ് ഫയലില്‍ ഇല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കസ്റ്റഡിമരണത്തിന് പുറമേ വ്യാജരേഖ തയ്യാറാക്കിയതിലും പൊലീസ് പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ്. അന്വേഷണ സംഘം ഇത് ഉള്‍പ്പെടെയുളള കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി. 

അതേസമയം കസ്റ്റഡി മരണത്തില്‍ സിഐ ക്രിസ്പിന്‍ സാമിനെ പ്രതി ചേര്‍ക്കും. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അന്യായ തടങ്കല്‍, രേഖകളിലെ തിരിമറി എന്നിയവയുടെ പേരിലാകും സിഐയെ പ്രതിചേര്‍ക്കുക. അതേസമയം കൊലക്കുറ്റം ചുമത്താന്‍ കഴിയില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. സി.ഐ ക്രിസ്പിന്‍ സാം അടക്കമുള്ളവരെ പ്രതിയാക്കണോ അതോ വകുപ്പുതല നടപടി മതിയോ എന്ന കാര്യത്തില്‍ വ്യക്തത തേടിയാണ് അന്വേഷണസംഘം നിയമോപദേശം തേടിയത്.  

ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ നിലവില്‍ മൂന്ന് ആര്‍ടിഎഫുകാരും, എസ് ഐ ദീപക്കും പ്രതികളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com