സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണം: ഡിജിപി അന്വേഷിക്കണമെന്ന് ചെന്നിത്തല

കൊല്ലം ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ നല്‍കിയ പരാതി ഗൗരവതരം - ഡിജിപി അന്വേഷിക്കണമെന്ന് ചെന്നിത്തല
സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണം: ഡിജിപി അന്വേഷിക്കണമെന്ന് ചെന്നിത്തല

കൊല്ലം: കൊല്ലത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ മരണം ഡിജിപി അന്വഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലപ്പെട്ട രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ നല്‍കിയ പരാതി ഗൗരവമുള്ളതാണെന്നും ചെന്നിത്തല പറഞ്ഞു. 

കൊല്ലം ഇടമുളയ്ക്കല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ളയുടെ മരണത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.  മക്കളെ ഇല്ലാതാക്കുമെന്ന സിപിഎം നേതാക്കളുടെ ഭീഷണി കാരണമാണ് ഇത്രകാലവും നിശ്ബ്ദത പാലിച്ചതെതെന്ന് ഭാര്യ പറയുന്നു.

രണ്ടായിരത്തി എട്ട് ജനുവരി മൂന്നിനാണ് അഞ്ചല്‍ മേഖലയില്‍ സിപിഎമ്മിന്റെ പ്രമുഖനേതാക്കളില്‍ ഒരാളായിരുന്ന ഇടമുളയ്ക്കല്‍ രവീന്ദ്രന്‍ പിള്ളയെ അക്രമിസംഘം വെട്ടിവീഴ്ത്തിയത്. എട്ടുവര്‍ഷത്തോളം ജീവച്ഛവമായി കിടന്നശേഷം 2016 ജനുവരി പതിമൂന്നിന് അദ്ദേഹം മരിച്ചു. 

സിപിഎം സംസ്ഥാനസെക്രട്ടറിയായിരിക്കേ പിണറായി വിജയനും ആഭ്യന്തരമന്ത്രിയായിരിക്കേ കോടിയേരി ബാലകൃഷ്ണനും രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കാണുകയും പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. തുടരന്വേഷണം ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തിയപ്പോള്‍ പാര്‍ട്ടിനേതാക്കളുടെ മട്ടുമാറി. രവീന്ദ്രന് മാനസിക പ്രശ്‌നമാണെന്നുവരുത്താനും ശ്രമമുണ്ടായതായും ഭാര്യ ആരോപിക്കുന്നു. 

രവീന്ദ്രനെ ഇല്ലാതാക്കിയത് പാര്‍ട്ടി തന്നെയാണ്. യഥാര്‍ഥപ്രതികളെ പിടികൂടുകയും ഗൂഢാലോചന പുറത്തുവരികയും ചെയ്താല്‍ ആരൊക്കെ വെട്ടിലാകുമെന്ന് പാര്‍ട്ടിക്കറിയാം. ഭയം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും രവീന്ദ്രന്‍ പിള്ളയുടെ ഭാര്യ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com