ചോദ്യപേപ്പർ മാറി നൽകിയ സംഭവം: പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ 

സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ
ചോദ്യപേപ്പർ മാറി നൽകിയ സംഭവം: പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ 

കൊച്ചി: സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ ഹൈക്കോടതിയിൽ. കോട്ടയം മൗണ്ട് കാർമൽ വിദ്യാനികേതൻ സ്കൂളിലെ വിദ്യാർഥിനിയായ അമീയ സലീമിന്‍റെ ഹർജിയിലാണ് സിബിഎസ്ഇയുടെ വിശദീകരണം. 

2016ൽ സഹോദരൻ എഴുതിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് അമീയ പരീക്ഷയെഴുതാൻ ഉപയോഗിച്ചതെന്നും സിബിഎസ്ഇ വിശദീകരിക്കുന്നു. അതേസമയം സിബിഎസ്ഇയുടെ വാദം പച്ചക്കള്ളമെന്ന് അമീയയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി വികാസ് കുമാർ അ​ഗർവാളിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനിയുടെ പരാതി തെറ്റെന്ന് തെളിഞ്ഞതെന്ന് സിബിഎസ്ഇ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.കണക്കിൽ മോശമായ വിദ്യാർത്ഥിനി അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ കെട്ടിച്ചമച്ച കഥ പ്രചരിപ്പിക്കുകയാണ്. അധികൃതർക്ക് മുമ്പിൽ അമീയ സലീം തെറ്റായ പരാതിയാണ് നൽകിയതെന്നും സിബിഎസ്ഇ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

കണക്ക് പരീക്ഷയുടെ സമയത്ത് വിദ്യാർത്ഥിനി പരാതിയുമായി രം​ഗത്ത് വന്നില്ല. പരീക്ഷ കഴിഞ്ഞ് 2.50 ഓടേയാണ് സ്കൂൾ പ്രിൻസിപ്പൽ വഴി വിദ്യാർത്ഥിനി തങ്ങളെ ഇക്കാര്യം അറിയിച്ചത്. പരീക്ഷ കഴിഞ്ഞപ്പോഴാണ് ഇത് 2016ലെ ചോദ്യപേപ്പറാണെന്ന് തിരിച്ചറിഞ്ഞതെന്ന് അമീയ സലീം വെളിപ്പെടുത്തിയതായി സിബിഎസ്ഇ പറയുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കി നിൽക്കുന്നു. എങ്ങനെയാണ് ചോദ്യപേപ്പർ 2016ലെതാണെന്ന്  പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ വിദ്യാർത്ഥിനി തിരിച്ചറിഞ്ഞെന്ന സംശയമാണ് സിബിഎസ്ഇ സത്യവാങ്മൂലത്തിൽ ഉന്നയിച്ചത്.

അന്നത്തെ പരീക്ഷയുടെ ഹാജർരേഖയും, സീറ്റിങ് ക്രമീകരണവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും വിദ്യാർത്ഥിനി വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് ഉന്നയിച്ചതെന്ന് സിബിഎസ്ഇ ആരോപിക്കുന്നു.  അമീയ സലീമിന്‍റെ തൊട്ടടുത്തിരുന്നു പരീക്ഷ എഴുതിയിരുന്ന വിദ്യാർത്ഥികളുടെ ചോദ്യപേപ്പ‌ർ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ .  പരീക്ഷാമുറിയിലെ മറ്റു വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഉണ്ടായിരുന്നില്ലെന്നും സിബിഎസ്ഇയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. 2016ൽ അമീയ സലീമിന്റെ സഹോദരൻ പരീക്ഷ എഴുതുന്ന വേളയിലെ സീറ്റിങ് ക്രമീകരണവും പരാതി അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കുന്നതാണെന്ന്
സിബിഎസ്ഇ കോടതിയെ ബോധിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com