ഇടുക്കി ഡാം തുറന്നുവിടേണ്ടത് അനിവാര്യം; മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി എംഎം മണി

ഇടുക്കി ഡാം തുറന്നുവിടേണ്ടത് അനിവാര്യം; മുന്‍കരുതല്‍ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി എംഎം മണി

ഇടുക്കിയില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2395.88 അടിയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നിട്ടുണ്ട്

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടു തുറക്കേണ്ടത് അനിവാര്യം എന്നു തന്നെയാണ് ഇപ്പോഴത്തെ വിലയിരുത്തലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഘട്ടം ഘട്ടമായി ആയിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അണക്കെട്ടു തുറക്കേണ്ടത് അനിവാര്യം എന്നു തന്നെയാണ് കരുതുന്നത്. ഒറ്റയടിക്ക് അഞ്ചു ഷട്ടറുകളും തുറക്കില്ല. തുടക്കത്തില്‍ ഒരു ഷട്ടര്‍ ആയിരിക്കും തുറക്കുക. മുമ്പും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്. അഞ്ചു ഷട്ടറുകളും ഒരുമിച്ചു തുറന്നാല്‍ ദുരന്തമായിരിക്കും ഫലം. ഡാം  തുറക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതലുകളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ജലനിരപ്പ് നിരീക്ഷിച്ച് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കും. സര്‍ക്കാര്‍ തലത്തില്‍ ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയായിട്ടുണ്ട്. അതെല്ലാം മാധ്യമങ്ങളോടു പറയേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. മന്ത്രിമാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട് എന്നതെല്ലാം തെറ്റായ വാര്‍ത്തയാണ്. ഡാം എപ്പോള്‍ തുറക്കണോ അപ്പോള്‍തന്നെ തുറന്നിരിക്കും- എംഎം മണി പറഞ്ഞു.

ഇടുക്കിയില്‍ ഇപ്പോഴത്തെ ജലനിരപ്പ് 2395.88 അടിയാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവു വന്നിട്ടുണ്ട്. ജലനിരപ്പ് 2397 അടിയില്‍ എത്തിയാല്‍ തുറക്കാം എന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ഇതനുസരിച്ച് ജലനിരപ്പ് എത്താന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com