ജെസ്നയുടെ തിരോധാനം: ആൺസുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും

മുക്കൂട്ടുതറയിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌നയെ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആൺസുഹൃത്തിനെ പോലീസ് കൂടുതൽ ചോദ്യംചെയ്യും.
ജെസ്നയുടെ തിരോധാനം: ആൺസുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും

റാന്നി: മുക്കൂട്ടുതറയിൽ നിന്ന് കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌നയെ അന്വേഷിക്കുന്നതിന്റെ ഭാഗമായി ആൺസുഹൃത്തിനെ പോലീസ് കൂടുതൽ ചോദ്യംചെയ്യും. നേരത്തേ കണ്ടെത്തിയ ഫോൺകോളുകൾ, സന്ദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ ചോദ്യംചെയ്യുക. പോലീസ് ശേഖരിച്ച ഫോൺകോളുകളുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടത്തിലേക്കെത്തുന്നു. ഇതിനായി പ്രത്യേക സൈബർ സംഘവും പ്രവർത്തിക്കുന്നുണ്ട്.

ജെസ്‌നയും ആൺസുഹൃത്തും തമ്മിലുള്ള ഫോൺസന്ദേശങ്ങൾ, മുണ്ടക്കയത്തെ വസ്ത്രശാലയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവയെല്ലാം സുഹൃത്തിനെ കൂടുതൽ ചോദ്യംചെയ്യാൻ കാരണമായി. സി.സി.ടി.വി. ദൃശ്യത്തിൽ കണ്ട യുവതി ആരാണെന്ന് ഇനിയും കണ്ടെത്തിയിട്ടില്ല. ജെസ്‌നയല്ലെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നുണ്ടെങ്കിലും പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

അടിമാലിയിൽ ജെസ്‌നയോട് സാമ്യമുള്ള കുട്ടിയെ ടാക്‌സിഡ്രൈവർ കണ്ടെന്ന വിവരവും ഒരാഴ്ചയായി പോലീസ് അന്വേഷിച്ചുവരുന്നു. മേയ് ഒമ്പതിന് കാറിൽ യുവതിയും മറ്റൊരാളും കോതമംഗലത്തുനിന്ന് അടിമാലിവരെയെത്തിയതായാണ് പോലീസിന് ലഭിച്ച വിവരം. ഒരാഴ്ചമുമ്പാണ് വിവരം ലഭിക്കുന്നത്. അതാരാണെന്ന് കണ്ടെത്താൻ അന്വേഷണം നടത്തിവരുകയാണ്. ഇടുക്കിയിൽനിന്ന് കണ്ടെത്തിയ കാൽ ആരുടേതാണെന്നുള്ള അന്വേഷണവും നടന്നുവരുന്നു. ഡി.എൻ.എ. ഫലത്തിനായി കാത്തിരിക്കുകയാണ്.

 ജെസ്‌ന മരിയ ജയിംസിനെ മാർച്ച് 22-നാണ് കാണാതായത്. ഐ.ജി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. ജില്ലയിൽ അന്വേഷണച്ചുമതല വഹിച്ചിരുന്ന തിരുവല്ല ഡിവൈ.എസ്.പി. ആർ. ചന്ദ്രശേഖരപിള്ള ചൊവ്വാഴ്ച സർവീസിൽനിന്ന് വിരമിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com