'തകര്‍ന്ന കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ അത് ജെസിബി വച്ച് പൊളിക്കുകയല്ല വേണ്ടത്'

ജെസിബി വച്ച് വലിച്ചു പറിക്കുന്നത് രക്ഷപെടാന്‍ സാധ്യത ഉള്ളവരെ അപകടത്തിലാക്കും
'തകര്‍ന്ന കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ അത് ജെസിബി വച്ച് പൊളിക്കുകയല്ല വേണ്ടത്'

പാലക്കാട് ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകളുണ്ടെന്ന് സംശയമുണ്ടെങ്കില്‍ അത് ജെസിബി ഉപയോഗിച്ച് പൊളിക്കുകയല്ല വേണ്ടതെന്ന് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി. ജെസിബി വച്ച് വലിച്ചു പറിക്കുന്നത് രക്ഷപെടാന്‍ സാധ്യത ഉള്ളവരെ അപകടത്തിലാക്കുമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ പറഞ്ഞു

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 

രക്ഷാ പ്രവര്‍ത്തനം..

പാലക്കാട്ടെ കെട്ടിടം പൊളിഞ്ഞുവീണിടത്തു നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ കണ്ടു..

കെട്ടിടത്തിന് ചുറ്റും പുരുഷാരം ആണ് ( പക്ഷെ ഇവിടെ സ്ത്രീകളെ അധികം കണ്ടില്ല, പുരുഷന്മാരുടെ കൂട്ടം ആയതിനാല്‍ ആയിരിക്കണം). കാക്കി കുപ്പായം ഇട്ടവര്‍ (പോലീസ്/ഫയര്‍ഫോഴ്‌സ്, രണ്ടുമാകാം) കുറച്ചുണ്ട്. അതില്‍ കുറച്ചുപേര്‍ക്ക് റിഫ്‌ലെക്റ്റീവ് വെസ്റ്റ് ഉണ്ട്, കുറച്ചു പേര്‍ക്ക് ഹെല്‍മെറ്റ് ഉണ്ട്, കുറച്ചു പേര്‍ക്കിത് രണ്ടും ഇല്ല, കുറച്ചു പേര്‍ക്ക് വെസ്റ്റും ഹെല്‍മെറ്റും ഉണ്ട്), പക്ഷെ അവരുടെ ചുറ്റും ആള്‍ക്കൂട്ടം ആണ്. മാറി നില്‍ക്കാന്‍ അവര്‍ പറയുന്നുണ്ട്, അവരുടെ ചുറ്റും നില്‍ക്കുന്നവര്‍ മറ്റുള്ളവരുടെ മാറി നില്‍ക്കാന്‍ പറയുന്നുണ്ട്, പക്ഷെ ആരും മാറുന്നൊന്നുമില്ല. ഇവരൊന്നും പ്രത്യേകിച്ച് ഒന്നും ചെയ്യുന്നുമില്ല. പറ്റുന്നവര്‍ ഒക്കെ മൊബൈലില്‍ ഫോട്ടോ എടുക്കുന്നുണ്ട്.

പക്ഷെ കൂടുതല്‍ വിഷമിപ്പിച്ചത് അതല്ല. ജെസിബി വച്ച് ബാക്കി ഉള്ള കെട്ടിടം പൊളിക്കുകയോ അവശിഷ്ടങ്ങള്‍ മാറ്റുകയോ ആണ്. 'അനവധി പേര്‍ കുടുങ്ങിക്കിടക്കുന്നു' എന്നാണ് ലൈവ് റിപ്പോര്‍ട്ട് പറയുന്നത്.

തകര്‍ന്ന കെട്ടിടത്തില്‍ ആളുകള്‍ ഉണ്ടെന്ന് സംശയം എങ്കിലും ഉണ്ടെങ്കില്‍ അത് ജെസിബി വച്ച് പൊളിക്കുകയല്ല വേണ്ടത്. മൂന്നു സാധ്യതകള്‍ ആണ് ഉള്ളത്. ഒന്ന്, അകത്ത് ആളുകള്‍ മരിച്ചു കിടക്കുന്നുണ്ട്, രണ്ട് അകത്താളുകള്‍ പരിക്കേറ്റ് കിടക്കുന്നുണ്ട്, മൂന്ന് അകത്ത് പരിക്ക് പറ്റാതെ കുടുങ്ങി കിടക്കുന്നുണ്ട്. അകത്ത് ആരെങ്കിലും ഉണ്ടോ, അവര്‍ക്ക് ജീവനുണ്ടോ, പരിക്ക് പറ്റിയിട്ടുണ്ടോ എന്നൊക്കെ പരിശോധിക്കുകയാണ് ആദ്യത്തെ ജോലി. അതിനുള്ള ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഒക്കെ ഉണ്ട്. നമ്മുടെ ഫയര്‍ഫോഴ്‌സിന്റെ കയ്യില്‍ അതുണ്ടോ എന്ന് പറയാന്‍ പറ്റില്ല, ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു ടീം തൃശൂര്‍ ഉണ്ട്, അവരുടെ കയ്യില്‍ ഉണ്ടാകണം, ഇല്ലെങ്കില്‍ കൊച്ചിയില്‍ നേവിയില്‍ ഉണ്ടാകണം. ആളുകള്‍ അടിയില്‍ ഉണ്ടെന്ന് മനസ്സിലായാല്‍ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തണം. ജെസിബി വച്ച് വലിച്ചു പറിക്കുന്നത് രക്ഷപെടാന്‍ സാധ്യത ഉള്ളവരെ അപകടത്തില്‍ ആക്കും, മരിച്ചവര്‍ക്ക് രണ്ടും തമ്മില്‍ മാറ്റവും ഇല്ല.

ഒരപകടം പറ്റിയാല്‍ ചുറ്റുമുള്ളവര്‍ തന്നെയാണ് ആദ്യം ഓടി എത്തേണ്ടത്. അവര്‍ക്ക് സാധിക്കുന്ന രീതിയില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ അവര്‍ ഇടപെടണം. ഔദ്യോഗിക സംവിധാനങ്ങള്‍ എത്തിയാല്‍ അപകട സ്ഥലം ഒരു കയര്‍/റിബണ്‍ കെട്ടി തിരിക്കണം, അതിനകത്തേക്ക് പരിശീലനവും വ്യക്തി സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആരെയും കയറ്റിവിടരുത്, നാട്ടുകാരായാലും പൊലീസായാലും മന്ത്രിയായാലും. എന്നിട്ട് പരമാവധി ആളുകളെ രക്ഷപ്പെടുത്താനുള്ള സ്ട്രാറ്റജി തീരുമാനിക്കുക, അത് ആളുകളെ പറഞ്ഞു മനസിലാക്കുക, എന്നിട്ട് കുറച്ചു സമയം എടുത്തിട്ടാണെങ്കിലും അത് ചെയ്യുക.

എല്ലാവരും കൂട്ടമായി നിന്ന്, നൂറു പേര്‍ അഭിപ്രായം പറയുന്ന കേട്ട്, അക്ഷമരായി ആളുകളെ സമാധാനിപ്പിക്കാന്‍ 'ഇപ്പോള്‍ ശെരിയാക്കി തരാം' എന്ന മട്ടില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നത് ആത്മാര്‍ത്ഥമായിട്ടാണെങ്കിലും പ്രൊഫഷണല്‍ അല്ല. ഇക്കാര്യം പതുക്കെ പതുക്കെ എങ്കിലും നാട്ടുകാരെയും മാധ്യമങ്ങളെയും ജനപ്രതിനിധികളേയും ഒക്കെ പറഞ്ഞു മനസ്സിലാക്കണം.

നാട്ടില്‍ വച്ച് ഒരു റോഡപകടം ഉണ്ടായാല്‍ എന്റെ ഒരു പേടി ഓടി എത്തി നമ്മളെ എണീപ്പിച്ചു നിര്‍ത്താനും വെള്ളം കുടിപ്പിക്കാനും ഒക്കെ ശ്രമിക്കുന്ന തികച്ചും ആത്മാര്‍ത്ഥതയുള്ള നാട്ടുകാരെ ആണ്. പരിക്കുകള്‍ ഗുരുതരം ആക്കാനും രക്ഷപ്പെട്ടേക്കാവുന്ന ആളുകളെ വരെ കൊല്ലാനും അതുമതി. അതുപോലെ തന്നെ കെട്ടിടത്തിനടിയില്‍ അകപ്പെട്ടാല്‍ ഞാന്‍ പേടിക്കാന്‍ പോകുന്നത് മുകളില്‍ നിന്ന് കല്ല് അടര്‍ന്നു വീഴുമോ എന്നല്ല രക്ഷാ പ്രവര്‍ത്തകര്‍ ജെസിബി ഓടിച്ചു കയറ്റുമോ എന്നാണ്.

മുരളി തുമ്മാരുകുടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com