1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട് ; വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമെന്ന് ടികെഎ നായര്‍

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല. 1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും നായര്‍
1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ട് ; വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമെന്ന് ടികെഎ നായര്‍

പത്തനംതിട്ട :  ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ശബരിമല ക്ഷേത്രം ഉപദേശക സമിതി അധ്യക്ഷന്‍ ടികെഎ നായര്‍. വ്രതത്തിന്റെ പേരില്‍ സ്ത്രീകളെ ഒഴിവാക്കുന്നത് കടുത്ത വിവേചനമാണ്. 90 ശതമാനം ആളുകളും ക്ഷേത്രത്തില്‍ എത്തുന്നത് 41 ദിവസത്തെ വ്രതം അനുഷ്ഠിക്കാതെയാണ്. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തത് പഴക്കമുള്ള ആചാരമല്ല. 1940 കളില്‍ സ്ത്രീകള്‍ ശബരിമലയില്‍ പോയിട്ടുണ്ടെന്നും നായര്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു ടികെഎ നായര്‍.

1940 ല്‍ അമ്മയും അച്ഛനും അമ്മാവനും കൂടി തനിക്ക് ഒരു വയസ്സാകുന്നതിന് മുമ്പ് ശബരിമല ക്ഷേത്രത്തില്‍ കൊണ്ടുപോകുകയും, ശബരിമല ശാസ്താവിന് മുന്നില്‍ വെച്ച് അമ്മയുടെ മടിയിലിരുത്തി ചോറൂണ് നല്‍കിയതായും ടികെഎ നായര്‍ ഓര്‍മ്മിച്ചു. അന്ന് അമ്മ ശബരിമലയിലെത്തിയപ്പോള്‍ ആരും തടഞ്ഞിട്ടില്ല. 1940 കളില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ടായിരുന്നില്ല എന്നതിന് തെളിവാണ്. 

ഇന്ന് ശബരിമലയില്‍ പോകുന്ന ഭക്തജനങ്ങള്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്ന് പോകുന്ന ഭക്തര്‍ എത്രപേര്‍ 41 ദിവസത്തെ വ്രതം അനുഷ്ഠിച്ച് പോകുന്നവരുണ്ടെന്ന് ടികെഎ നായര്‍ ചോദിച്ചു. എന്റെ വ്യക്തിപരമായ അറിവില്‍പ്പെട്ടിടത്തോളം, ബഹുഭൂരിപക്ഷവും തലേദിവസം രാത്രി വരെ സാധാരണ ജീവിതം നയിക്കുകയും, പിറ്റേന്ന് പുലര്‍ച്ചെ മാലയിട്ട് ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ചെയ്യുന്ന പ്രവണത കണ്ടുവരുന്നു. വൈകീട്ട് തിരിച്ചെത്തുന്ന ഇവര്‍ രാത്രി തന്നെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോകുകയും ചെയ്യുന്നു. ഫൈവ് സ്റ്റാര്‍ എന്നുപറഞ്ഞത് അതിശയോക്തി ആണെങ്കിലും, ഇതാണ് ഇന്ന് കണ്ടുവരുന്നതെന്ന് ടികെഎ നായര്‍ പറഞ്ഞു. 

ഈ പ്രവണത നിലനില്‍ക്കെയാണ്, വ്രതം അനുഷ്ഠിക്കാനാകില്ല എന്ന പേരു പറഞ്ഞ് സ്ത്രീകളുടെ പ്രവേശനത്തെ എതിര്‍ക്കുന്നത്. ഇത് പുരുഷ മേധാവിത്വമെന്നോ, ഡബിള്‍ സ്റ്റാന്‍ഡെന്നോ വിശേഷിപ്പിക്കേണ്ടിവരും. ഇത് സ്ത്രീകള്‍ക്ക് മേലുള്ള പുരുഷ മേധാവിത്വത്തിന്റെ ഭാഗമാണ്. അല്ലാതെ ഇതിന് യാതൊരു അടിസ്ഥാനവുമില്ല. പിന്നോക്കക്കാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനത്തിനുള്ള വിലക്ക് നീക്കിയതുപോലെ, സ്ത്രീ പ്രവേശനത്തെയും സ്വാഗതം ചെയ്യണമെന്നും ടികെഎ നായര്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com