2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളം ബിജെപി ഭരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലെത്തും: ശ്രീധരന്‍ പിള്ള

കോണ്‍ഗ്രസിനകത്തു നിന്നിട്ടു കാര്യമില്ലെന്ന നിഷ്‌ക്രിയത കോണ്‍ഗ്രസുകാരെ പൊതിയുകയാണ്.
2021 ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ കേരളം ബിജെപി ഭരിക്കും; കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലെത്തും: ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കു നേതാക്കള്‍ വരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ചില കക്ഷികളില്‍ നിരാശയോടെ നില്‍ക്കുന്നവര്‍ പുറത്തുവന്നു പുതിയ കക്ഷി രൂപീകരിച്ച് അത് എന്‍ഡിഎയുടെ ഭാഗമായേക്കാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. തൊട്ടുകൂടാത്തവരായി ആരുമില്ല.  എല്ലാവര്‍ക്കു വേണ്ടിയും വാതിലുകള്‍ തുറന്നിടുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു. അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികാരത്തില്‍ വരികയാണു ലക്ഷ്യം. പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അ്‌ദ്ദേഹം

കോണ്‍ഗ്രസിനകത്തു നിന്നിട്ടു കാര്യമില്ലെന്ന നിഷ്‌ക്രിയത കോണ്‍ഗ്രസുകാരെ പൊതിയുകയാണ്. ആരെങ്കിലും പടിവാതില്‍ക്കല്‍ നില്‍ക്കുകയാണോയെന്നു ചോദിച്ചാല്‍ തന്ത്രം ഒരിക്കലും മുന്‍കൂട്ടി വെളിപ്പെടുത്താന്‍ കഴിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനപ്പുറം 2021 ലെ നിയമസഭാതിരഞ്ഞെടുപ്പാണു ലക്ഷ്യം. അതു നടക്കാത്ത കാര്യമാണോയെന്ന ചോദ്യമെല്ലാം ഓരോരുത്തരുടെ കാഴ്ചപ്പാടാണ്.

ഞങ്ങളുടെ പരിശ്രമം അതിനുവേണ്ടിയായിരിക്കും. 2004ല്‍ താന്‍ പ്രസിഡന്റായിരുന്നപ്പോഴാണ് മൂവാറ്റുപുഴയിലും അന്നു സംഘടനാപരമായി കേരളത്തിന്റെ ഭാഗമായി കൂട്ടിയിരുന്ന ലക്ഷദ്വീപിലും ബിജെപി ജയിച്ചു രണ്ട് എംപിമാരെ ലഭിച്ചത്. ബിജെപിക്കു ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കാന്‍ കഴിയില്ലെന്ന ആരോപണത്തിന് അന്നേ ഞങ്ങള്‍ മറുപടി നല്‍കിയതാണ്. കഴിഞ്ഞ തിരുവനന്തപുരം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മില്‍ നിന്നു 90,000 വോട്ടാണ് ബിജെപിക്കു ചോര്‍ന്നത്. രണ്ടു ലക്ഷത്തില്‍ കൂടുതല്‍ വോട്ടു കിട്ടിയ അഞ്ചു മണ്ഡലമുണ്ട്.

1.75 ലക്ഷത്തില്‍ കൂടുതല്‍ വോട്ടു കിട്ടിയ 11 മണ്ഡലങ്ങളും. ജയിക്കുമെന്ന് ഉറപ്പായാല്‍ ഇനിയും കൂടുതല്‍ വോട്ടു ബിജെപിക്കു ലഭിക്കും. കെ.എം മാണി ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായതിനാല്‍ അദ്ദേഹം ബിജെപിക്കൊപ്പം വരുമോയെന്ന ചോദ്യത്തിനു പ്രസക്തിയില്ല. ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ നിയമപരമായ തീരുമാനം വരട്ടെയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ല. എന്നാല്‍ പൂന്തോട്ടമാകുമ്പോള്‍ അതിലെ പൂക്കളുടെ സൗരഭ്യത്തില്‍ വൈവിധ്യമുണ്ടാകും. തിരുവനന്തപുരത്തിറങ്ങിയ തന്നെ പലരും കൈ കൊടുത്തു സ്വീകരിച്ചപ്പോള്‍ കെ.സുരേന്ദ്രന്‍ ആലിംഗനം ചെയ്താണു വരവേറ്റതെന്നു ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com