അവിഹിതത്തിന് ഹൈടെക് തന്ത്രം ; കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തി, കാമുകന്‍ അറസ്റ്റില്‍

കാമുകിയുടെ, ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ അയാള്‍ അറിയാതെ അന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നു
അവിഹിതത്തിന് ഹൈടെക് തന്ത്രം ; കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തി, കാമുകന്‍ അറസ്റ്റില്‍

കൊച്ചി : കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊച്ചി എളമക്കരയിലാണ് സംഭവം. അമ്പലപ്പുഴ സ്വദേശിയായ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ് പൊലീസിനെ പോലും ഞെട്ടിച്ച കുറ്റകൃത്യത്തിന് പിടിയിലായത്. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശി അജിതാണ് പൊലീസിന്റെ പിടിയിലായത്. അയല്‍വാസിയായിരുന്ന കാമുകിയുടെ, ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ അയാള്‍ അറിയാതെ അജിത് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നു. യുവതിയുടെ സഹായത്തോടെയായിരുന്നു ഇത് ചെയ്തത്. 

ഈ ആപ്ലിക്കേഷന്‍ മുഖേന അഞ്ചു മാസത്തോളം യുവതിയുടെ ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് മനസ്സിലാക്കി. സംഭാഷണങ്ങളുടെ ശബ്ദരേഖയും, സ്വകാര്യ നിമിഷങ്ങളും അടക്കം പകര്‍ത്തി. ഒടുവില്‍ തട്ടിപ്പ് മനസ്സിലാക്കിയ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അജിതിനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിനെന്ന് അജിത് പൊലീസിനോട് വെളിപ്പെടുത്തിയില്ല. ഭാവിയില്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യുകയോ, പണം തട്ടുകയോ ആകാം ഉദ്ദേശമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഐടി ആക്ടിലെ 66 ഇ വകുപ്പാണ് അജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലൊരു തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത് ഇതാദ്യമാണെന്നാണ് പൊലീസിന്റെ വിശദീകരണം. 

മൊബൈല്‍ ഫോണും, ആപ്ലിക്കേഷന്‍ സ്ഥാപിച്ച ആളുടെ ജി മെയില്‍ അക്കൗണ്ടും തമ്മില്‍ ബന്ധപ്പെടുത്തിയാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം. ഫോണില്‍ ഇന്റര്‍നെറ്റ് ഓണാക്കിയാല്‍, അയാള്‍ ആരോടൊക്കെ സംസാരിക്കുന്നു. എന്തൊക്കെ ചെയ്യുന്നു, എന്തൊക്കെ പറയുന്നു എന്നതെല്ലാം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മറ്റേ ആള്‍ക്ക് മനസ്സിലാക്കാനാകും. ഫോണില്‍ സ്ഥാപിച്ച ആപ്ലിക്കേഷന്‍ മറ്റൊരു ആപ്ലിക്കേഷന്‍ മുഖേന ഇരയില്‍ നിന്നും മറയ്ക്കാനും സാധിക്കുമെന്ന് ഐടി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

അഞ്ചുമാസം മുമ്പാണ് യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്നത്. ഗള്‍ഫില്‍ നിന്ന് നേരത്തെ ഏഴു ലക്ഷം രൂപ ഭാര്യക്ക് അയച്ചുകൊടുത്തിരുന്നു. ഈ പണം എവിടെയെന്ന് ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഭാര്യ മറുപടി നല്‍കിയില്ല. ഇതേചൊല്ലി പലപ്പോഴും വാക്കുതര്‍ക്കം  ഉണ്ടായി. ഒരു ഘട്ടത്തില്‍ ഭാര്യ വീട്ടിലേക്ക് പിണങ്ങിപ്പോകുകയും ചെയ്തു. ഇതിന് ശേഷം ഭാര്യ വിളിച്ച് നിങ്ങള്‍ ഇന്ന സ്ഥലങ്ങളില്‍ പോയില്ലേ, ഇന്നയിന്ന ആളുകളോട് എന്നെക്കുറിച്ച് സംസാരിച്ചില്ലേ, ഇന്ന ആളുകളെ കണ്ടില്ലേ എന്നെല്ലാം ചോദിക്കാന്‍ തുടങ്ങി. ഉറക്കം ഉണര്‍ന്നപ്പോള്‍ മുതല്‍ ഉറങ്ങുന്നതുവരെയുള്ള കാര്യങ്ങളെല്ലാം ഭാര്യ പറയാന്‍ തുടങ്ങി. 

ഇതോടെ തന്നെ പിന്തുടരാന്‍ ഭാര്യ ആരെയോ നിയോഗിച്ചെന്നായിരുന്നു ഭര്‍ത്താവ് ആദ്യം കരുതിയത്. ഇതോടെ മാനസിക സമ്മര്‍ദത്തിലായ ഭര്‍ത്താവ് പുറത്തിറങ്ങാതെയായി. ഒടുവില്‍ ഐടി വിദഗ്ധനായ ഒരു സുഹൃത്തിനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന് സംശയം തോന്നി മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത് കണ്ടെത്തുന്നവത്. ഇതേതുടര്‍ന്ന് ഇവര്‍ കൊച്ചി ഡിസിപിയെ സമീപിക്കുകയും,അദ്ദേഹം കേസ് എളമക്കര പൊലീസിന് കൈമാറുകയുമായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com