ജസ്‌ന കട്ടപ്പന ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചതായി വിവരം; മുണ്ടക്കയം ബസ് സ്റ്റാന്‍ഡുമായി കൂട്ടിയോജിപ്പിക്കാനാകുമോയെന്ന് പരിശോധിച്ച്  പൊലീസ് 

മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന ഇടുക്കി കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തില്‍ എത്തിയിരുന്നതായി വിവരം
ജസ്‌ന കട്ടപ്പന ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥിച്ചതായി വിവരം; മുണ്ടക്കയം ബസ് സ്റ്റാന്‍ഡുമായി കൂട്ടിയോജിപ്പിക്കാനാകുമോയെന്ന് പരിശോധിച്ച്  പൊലീസ് 

പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥിനി ജസ്‌ന ഇടുക്കി കട്ടപ്പനയിലെ ധ്യാന കേന്ദ്രത്തില്‍ എത്തിയിരുന്നതായി വിവരം. ധ്യാനകേന്ദ്രം അധികൃതരും പൊലീസും ഇക്കാര്യം ഏറക്കുറെ സ്ഥിരീകരിച്ചു. ജസ്‌നയെ കാണാതായത് മാര്‍ച്ച് 22ന് വ്യാഴാഴ്ചയാണ്. രണ്ടു ദിവസം കഴിഞ്ഞ് 25ലെ ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ ജസ്‌ന പങ്കെടുത്തിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്.

ജസ്‌നയുടേത് കാത്തലിക് കുടുംബമാണ്. കട്ടപ്പന അണക്കരയിലെ കത്തോലിക്ക വിഭാഗത്തിന്റെ ധ്യാനകേന്ദ്രത്തിലാണ് ജസ്‌നയെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ പ്രാര്‍ത്ഥനയ്‌ക്കെത്താറുണ്ട്. ഇതില്‍ ജസ്‌നയെപ്പോലുളള പെണ്‍കുട്ടിയെ കണ്ടിരുന്നതായി ധ്യാനകേന്ദ്രം അധികൃതര്‍ പറഞ്ഞു. പൊലീസിനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. തലയില്‍ ചുരിദാറിന്റെ ഷാളിട്ടാണ് പ്രാര്‍ത്ഥിച്ചത്. ജസ്‌ന ഒറ്റയ്ക്കായിരുന്നു. ഷാള്‍ തലയില്‍ നിന്ന് ഉതിര്‍ന്നു പോയപ്പോള്‍ വീണ്ടും തലയിലേക്കു വലിച്ചിട്ടപ്പോഴുണ്ടായ ഭാവമാറ്റം കണ്ടാണ് ജസ്‌നയാണെന്നു സംശയമുണ്ടായതെന്ന് ധ്യാനകേന്ദ്രത്തില്‍ പ്രാര്‍ത്ഥന നടത്തിയ ഒരു പിതാവ് പറഞ്ഞു.

പിന്നീട് പത്രങ്ങളില്‍ ജസ്‌നയുടെ ഫോട്ടോ കണ്ടപ്പോഴാണ് ആ പെണ്‍കുട്ടി ജസ്‌ന തന്നെയെന്നു തിരിച്ചറിഞ്ഞത്. കുറേനാളായി മനസില്‍ കൊണ്ടു നടന്ന സംശയം പിതാവ് കഴിഞ്ഞ ദിവസം കട്ടപ്പന ഡിവൈ. എസ്.പിയോടു തുറന്നു പറഞ്ഞു. തങ്ങള്‍ പതിവായി അണക്കരയില്‍ പ്രാര്‍ത്ഥനയ്ക്കും കുര്‍ബാനയ്ക്കും പോകാറുണ്ടെന്ന് ജസ്‌നയുടെ പിതാവ് ജയിംസ് പറഞ്ഞതായി കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കാണാതായ ശേഷം ജസ്‌ന അവിടെ എത്തിയിരുന്നോ എന്നറിയില്ല.

അതേസമയം, ലഭിച്ച വിവരങ്ങളെല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിന്റെ ചുമതലയുളള പത്തനംതിട്ട പൊലീസ് ചീഫ് ടി. നാരായണന്‍ പറഞ്ഞു. കാണാതായ ദിവസം മുണ്ടക്കയത്തെ ബസ് സ്റ്റാന്‍ഡില്‍ കണ്ട പെണ്‍കുട്ടി ജസ്‌നയാണെന്ന് ബന്ധുക്കള്‍ക്കും പൊലീസിനും സി. സി. ടി. വി ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. മുണ്ടക്കയത്തു നിന്ന് കട്ടപ്പനയിലേക്ക് വലിയ ദൂരമില്ല. അണക്കരയില്‍ നിന്ന് തമിഴ്‌നാട് അതിര്‍ത്തിയായ കുമളി പതിനഞ്ചു കിലോമീറ്ററിനുളളിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com