ബസില്‍ ഓട്ടോ ഇടിച്ചതിനെ തുടര്‍ന്നുള്ള മര്‍ദനം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ബസും ഓട്ടോയും കൂട്ടി ഇടിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ ഓട്ടോഡ്രൈവര്‍മാരുടെ മര്‍ദനമേറ്റ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ ആശുപത്രിയില്‍.
ബസില്‍ ഓട്ടോ ഇടിച്ചതിനെ തുടര്‍ന്നുള്ള മര്‍ദനം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

അഞ്ചല്‍: ബസും ഓട്ടോയും കൂട്ടി ഇടിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിനിടെ ഓട്ടോഡ്രൈവര്‍മാരുടെ മര്‍ദനമേറ്റ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പെടെ നാലുപേര്‍ ആശുപത്രിയില്‍. അക്രമം കണ്ടു കുഴഞ്ഞുവീണ വനിത കണ്ടക്ടറും ചികിത്സ തേടി. കെഎസ്ആര്‍ടിസി ചാത്തന്നൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ആര്‍ രഞ്ജിത്, കണ്ടക്ടര്‍ എച്ച് ഷീബ, അയിലറ സ്വദേശി അനില്‍കുമാര്‍, പുത്തയം സ്വദേശി അനസ് എന്നിവരാണു ചികിത്സയിലുള്ളത്. ഓട്ടോ ഡ്രൈവര്‍മാരായ ജ്യോതിലാല്‍, സുരേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.  

ഇന്നലെ വൈകിട്ട് ഏഴോടെ പുനലൂര്‍ റോഡിലെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിനു സമീപമാണു സംഭവം. ഓട്ടോ കെഎസ്ആര്‍ടിസി ബസുമായി ഇടിച്ചതിനെ തുടര്‍ന്ന് ഏരൂര്‍ സ്വദേശി ഉണ്ണിക്കു പരുക്കേറ്റു. ഇതോടെ സംഘം ബസ് ഡ്രൈവറെ പിടിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇതു കണ്ടു വനിത കണ്ടക്ടര്‍ കുഴഞ്ഞുവീണു. അക്രമം തടയാന്‍ ശ്രമിക്കവെയാണ് അനില്‍കുമാറിനും അനസിനും മര്‍ദനമേറ്റത്. അനില്‍കുമാറിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ്. 

അഞ്ചല്‍ റേഞ്ച് ഓഫിസിനു മുന്നിലെ ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍ നെട്ടയം സ്വദേശി ബിജുവിനെ വീട്ടില്‍ കയറി മര്‍ദിച്ചശേഷം ഓട്ടോയില്‍ അഞ്ചലിലേക്കു പോകുമ്പോഴാണു സംഭവം. ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാള്‍ക്കു ബിജുവുമായി വ്യക്തിവൈരാഗ്യമുണ്ട്. ബിജു അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലാണ്. ആശുപത്രിയില്‍വച്ചും ആക്രമിക്കാന്‍ ശ്രമിച്ചതായി ഇയാള്‍ പൊലീസിനു മൊഴി നല്‍കി. ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുമെന്ന് എസ്‌ഐ പിഎസ് രാജേഷ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com