റവന്യൂമന്ത്രിയുടെ പണം തട്ടിയെടുക്കാന്‍ എടിഎം തട്ടിപ്പ് സംഘത്തിന്റെ ശ്രമം

പിന്‍നമ്പര്‍ ചോദിച്ച് തുടര്‍ച്ചയായി ഫോണിലേക്ക് വിളിയെത്തിയതോടെ മന്ത്രി പൊലീസില്‍ പരാതി നല്‍കി
റവന്യൂമന്ത്രിയുടെ പണം തട്ടിയെടുക്കാന്‍ എടിഎം തട്ടിപ്പ് സംഘത്തിന്റെ ശ്രമം

തിരുവനന്തപുരം: റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ എ.ടി.എം കാര്‍ഡിന്റെ പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമം. പിന്‍നമ്പര്‍ ചോദിച്ച് തുടര്‍ച്ചയായി ഫോണിലേക്ക് വിളിയെത്തിയതോടെ മന്ത്രി പൊലീസില്‍ പരാതി നല്‍കി. പിന്‍ നമ്പര്‍ ചോദിച്ച് പണം തട്ടുന്ന സൈബര്‍ സംഘമാണ് ഇതിന് പിന്നിലെന്ന് കരുതുന്നു.

നാല് ദിവസം മുമ്പാണ് മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് കോള്‍ വന്നത്. മന്ത്രി തന്നെയാണ് ആ കോള്‍ എടുത്തത്. എ.ടി.എം കാര്‍ഡ് ബ്ലോക്കായെന്നും പിന്‍നമ്പര്‍ പറഞ്ഞുതന്നാല്‍ സഹായിക്കാമെന്ന് വിളിച്ചയാള്‍ പറഞ്ഞു. ഹിന്ദിയില്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ മലയാളത്തില്‍ പറയാനായി മന്ത്രി ആവശ്യപ്പെട്ടു. അതോടെ സംസാരം മലയാളത്തിലായി. സംശയം തോന്നിയപ്പോള്‍ ഫോണ്‍ ഗണ്‍മാനു കൈമാറുകയായിരുന്നു.

ഒടുവില്‍ മന്ത്രിയുടെ ഫോണിലേക്കാണ് വിളിക്കുന്നതെന്ന് ഗണ്‍മാന്‍ പറഞ്ഞതോടെ ഫോണ്‍വിളി നിലച്ചു. തുടര്‍ന്ന് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പ്രൈവറ്റ്
സെക്രട്ടറി സാജു കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഫോണ്‍ വിളി ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലെടുത്ത ജിയോ ഫോണ്‍ നമ്പരാണിതെന്നും തിരിച്ചറിഞ്ഞു. ആളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് സൈബര്‍ സെല്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com