കര്‍ഷകരുടെ രക്തമൂറ്റി കുടിച്ച് സര്‍ഫാസി നിയമം; വയനാട്ടില്‍ 8000പേര്‍ ജപ്തി ഭീഷണിയില്‍,ആത്മഹത്യ

വായ്പക്കുടിശ്ശിക വരുത്തിയവര്‍ക്കുനേരേ സര്‍ഫാസി നിയമം ഉപയോഗിച്ച് ബാങ്കുകള്‍ നടപടി ശക്തമാക്കിയതോടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലേറെ കര്‍ഷകര്‍ കുടിയിറക്ക് ഭീഷണിയില്‍
കര്‍ഷകരുടെ രക്തമൂറ്റി കുടിച്ച് സര്‍ഫാസി നിയമം; വയനാട്ടില്‍ 8000പേര്‍ ജപ്തി ഭീഷണിയില്‍,ആത്മഹത്യ

കല്പറ്റ: വായ്പക്കുടിശ്ശിക വരുത്തിയവര്‍ക്കുനേരേ സര്‍ഫാസി നിയമം ഉപയോഗിച്ച് ബാങ്കുകള്‍ നടപടി ശക്തമാക്കിയതോടെ വയനാട് ജില്ലയില്‍ എണ്ണായിരത്തിലേറെ കര്‍ഷകര്‍ കുടിയിറക്ക് ഭീഷണിയില്‍.കഴിഞ്ഞവര്‍ഷം മുതലാണ് ബാങ്കുകള്‍ നടപടി കര്‍ശനമാക്കിത്തുടങ്ങിയത്. കനറാ ബാങ്ക്, കേരള ഗ്രാമീണ്‍ബാങ്ക്, സഹകരണ ബാങ്കുകള്‍, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ., എസ്.ബി.ഐ. തുടങ്ങിയവയാണ് ജപ്തി നടപടികളുമായി മുന്നോട്ടുപോകുന്നത്. നോട്ടീസ് കിട്ടിയവരില്‍ നാലുപേര്‍ ആത്മഹത്യചെയ്തു. കല്ലൂര്‍, മാനന്തവാടി, മക്കിയാട്, അമ്പലവയല്‍ എന്നിവിടങ്ങളിലെ ഓരോ കര്‍ഷകരാണ് ആത്മഹത്യചെയ്തതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

കല്ലൂരില്‍ ആത്മഹത്യചെയ്ത കര്‍ഷകന്‍ നേരത്തെ 80,000 രൂപ ബാങ്കില്‍ അടയ്ക്കാന്‍ ചെന്നെങ്കിലും ഒരു ലക്ഷത്തില്‍ കുറച്ച് സ്വീകരിക്കില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാടെന്ന് കിസാന്‍ ജനത സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ഒ. ദേവസി പറഞ്ഞു.

ഓരോ ബാങ്കും എത്രപേര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് ഇനംതിരിച്ചുള്ള പട്ടിക ലഭ്യമല്ല. നോട്ടീസ് അയച്ചവരുടെ എണ്ണം ആവശ്യപ്പെട്ട് ചില കര്‍ഷക സംഘടനകള്‍ വിവരാവകാശ നിയമപ്രകാരം ബാങ്കുകളെ സമീപിച്ചെങ്കിലും വ്യക്തിഗത വിവരങ്ങള്‍ നിയമപ്രകാരം നല്‌കേണ്ടതില്ലെന്നതിനാല്‍ അപേക്ഷകള്‍ പരിഗണിക്കപ്പെട്ടില്ല.കര്‍ഷകസംഘടനകള്‍ വയനാട് ജില്ലയില്‍ നടത്തിയ കണക്കെടുപ്പിലാണ് എണ്ണായിരത്തിലേറെപ്പേര്‍ക്ക് നോട്ടീസ് കിട്ടിയതായി വ്യക്തമായത്.

ഇതില്‍ 100 പേരുടെ കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയായി, ജപ്തിയിലേക്ക് നീങ്ങുകയാണ്. 250 പേരുടെ നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് മറ്റൊരു ജില്ലയിലും ഇത്രയധികം പേര്‍ സര്‍ഫാസി നിയമം കാരണം കുടിയിറക്കു ഭീഷണി നേരിടുന്നില്ലെന്ന് സംഘടനാ നേതാക്കള്‍ പറയുന്നു. സഹകരണബാങ്കുകളാണ് കൂടുതല്‍ പേര്‍ക്ക് നോട്ടീസ് നല്കിയിട്ടുള്ളത്. പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ.യാണ് ഏറ്റവും കുറവ്.

തിരിച്ചടവില്‍ മൂന്നു ഗഡുക്കള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തിയാല്‍ ഈടായി നല്കിയ വസ്തു ബാങ്കിന് പിടിച്ചെടുക്കാനും വില്‍ക്കാനും അധികാരം നല്കുന്നതാണ് സര്‍ഫാസി നിയമം.

നിയമത്തിലെ 31 (ഐ) പ്രകാരം കൃഷിഭൂമി ജപ്തിചെയ്യാന്‍ പാടില്ല. ഈ വ്യവസ്ഥ പല ബാങ്കുകളും പാലിക്കുന്നില്ല. പലയിടത്തും കൃഷിഭൂമിയാണ് ജപ്തി ഭീഷണി നേരിടുന്നത്. ഒരു ലക്ഷത്തില്‍ താഴെയുള്ള, വസ്തു ഈട് നല്കാത്ത വായ്പകള്‍ക്കും നിയമം ബാധകമല്ല. തിരിച്ചടക്കേണ്ട തുക വായ്പയുടെ 20 ശതമാനമാണെങ്കിലും നിയമത്തിന്റെ പരിധിയില്‍ വരില്ല. ജപ്തി നടപടികള്‍ക്കെതിരായ പരാതികള്‍ എറണാകുളത്തെ ഡെബ്റ്റ് റിക്കവറി ട്രിബൂണല്‍ മാത്രമേ പരിഗണിക്കൂ. ഇതിനുള്ള ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com