മഴക്കെടുതി : മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം ആലപ്പുഴയില്‍ തുടങ്ങി ; പ്രതിപക്ഷം ബഹിഷ്‌കരിച്ചു, നടപടി രാഷ്ട്രീയപാപ്പരത്തമെന്ന് മന്ത്രി ജി സുധാകരന്‍

മഴക്കെടുതി : മുഖ്യമന്ത്രി വിളിച്ച അവലോകനയോഗം ആലപ്പുഴയില്‍ തുടങ്ങി ; പ്രതിപക്ഷം ബഹിഷ്‌കരിച്ചു, നടപടി രാഷ്ട്രീയപാപ്പരത്തമെന്ന് മന്ത്രി ജി സുധാകരന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, എംപിമാരായ കെസി വേണുഗോപാലും, കൊടിക്കുന്നില്‍ സുരേഷും അവലോകന യോഗം ബഹിഷ്‌കരിച്ചു

ആലപ്പുഴ : കുട്ടനാട്ടിലെ പ്രളയദുരിതം വിലയിരുത്താനുള്ള അവലോകന യോഗം ആലപ്പുഴയില്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്ക്, ജി സുധാകരന്‍, ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. എന്നാല്‍ പ്രളയക്കെടുതി ബാധിത പ്രദേശങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, കോണ്‍ഗ്രസ് എംപിമാരായ കെസി വേണുഗോപാലും, കൊടിക്കുന്നില്‍ സുരേഷും അവലോകന യോഗം ബഹിഷ്‌കരിച്ചിരിക്കുകയാണ്. 

പ്രളയബാധിത പ്രദേശത്ത് പോകുമോ എന്ന ആവര്‍ത്തിച്ചുള്ള ചോദ്യത്തിനോട് ഇന്നും മുഖ്യമന്ത്രി പ്രതികരിച്ചില്ല. അവലോകന യോഗം ബഹിഷ്‌കരിച്ച പ്രതിപക്ഷത്തിന്റെ നടപടി രാഷ്ട്രീയ പാപ്പരത്തമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പ്രളയക്കെടുതിയില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കേണ്ടതില്ല. മുഖ്യമന്ത്രി എത്താത്തതുകൊണ്ട് എന്താണ് ബുദ്ധിമുട്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ട്. മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന് കുട്ടനാട്ടുകാര്‍ പോലും ആവശ്യപ്പെട്ടിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. 

പ്രകടനപരതയിലല്ല കാര്യമെന്ന്, മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി മാത്യു ടി തോമസ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷം അവലോകന യോഗം ബഹിഷ്‌കരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി തോമസ് ഐസക്കും പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടര്‍മാര്‍, സിപിഎം എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്. അവലോകന യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com