മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജീപ്പുകള്‍ കയറ്റി തമിഴ്‌നാടിന്റെ ബലപരീക്ഷണം

അണക്കെട്ട് ബലവത്താണെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള തമിഴ്‌നാടിന്റെ നീക്കമാണിതെന്നാണ് പ്രധാന ആരോപണം
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജീപ്പുകള്‍ കയറ്റി തമിഴ്‌നാടിന്റെ ബലപരീക്ഷണം

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു മുകളില്‍ തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് വാഹനങ്ങള്‍ കയറ്റിയതു വിവാദമാകുന്നു. അണക്കെട്ട് ബലവത്താണെന്നു വരുത്തിത്തീര്‍ക്കുന്നതിനുള്ള തമിഴ്‌നാടിന്റെ നീക്കമാണിതെന്നാണ് പ്രധാന ആരോപണം. നാലു ജീപ്പുകളാണു തമിഴ്‌നാട് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്. 

ജസ്റ്റിസ് ആനന്ദ് ചെയര്‍മാനായിരുന്ന ഉന്നതാധികാര സമിതിയുടെ പരിശോധനാവേളയില്‍ തമിഴ്‌നാട് ഇത്തരം നീക്കം നടത്തിയെങ്കിലും സമിതി വിയോജിപ്പു പ്രകടിപ്പിച്ചതിനാല്‍ അന്ന് ഒഴിവാക്കുകയായിരുന്നു. ജീപ്പുകള്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് എത്തിച്ച് ഇവിടെനിന്നു വാഹനത്തില്‍ കയറ്റിയാണു മേല്‍നോട്ട സമിതി അംഗങ്ങളെ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള ഗാലറിയില്‍ പരിശോധനയ്ക്കായി എത്തിച്ചത്.

തമിഴ്‌നാട് ഒരുമാസത്തിനകം മാര്‍ഗരേഖ നല്‍കണം 

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേയിലെ ഷട്ടറുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖ (ഓപ്പറേറ്റിങ് മാനുവല്‍) അടിയന്തരമായി സമര്‍പ്പിക്കണമെന്ന് മേല്‍നോട്ട സമിതി തമിഴ്‌നാടിനു നിര്‍ദേശം നല്‍കി. ഇന്നലെ കുമളിയില്‍ മുല്ലപ്പെരിയാര്‍ ഓഫിസില്‍ നടന്ന യോഗത്തിലാണ് ചെയര്‍മാന്‍ ഗുല്‍ഷന്‍രാജ് നിര്‍ദേശം നല്‍കിയത്. 

ഒരു മാസത്തിനകം ഇതു തയാറാക്കി കേന്ദ്ര ജല കമ്മിഷനു സമര്‍പ്പിക്കാമെന്നു തമിഴ്‌നാട് യോഗത്തില്‍ ഉറപ്പ് നല്‍കി. ഇതു ലഭിച്ചാലുടന്‍ ഇരു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി അന്തിമമായ മാര്‍ഗരേഖ തയാറാക്കും. വര്‍ഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണിത്. അണക്കെട്ടിലെ അനുവദനീയ ജലനിരപ്പ് 142 അടിയാണ്. ഇപ്പോള്‍ 134.25 അടി വെള്ളം മാത്രമാണ് ഉള്ളത്. നിലവില്‍ ജലനിരപ്പ് താഴ്ന്നു കൊണ്ടിരിക്കുകയുമാണ്. അതിനാല്‍ സുരക്ഷ സംബന്ധിച്ച് ഒരു ആശങ്കയും വേണ്ടന്നു യോഗത്തിന് ശേഷം ചെയര്‍മാന്‍ പറഞ്ഞു. 

രാവിലെ അണക്കെട്ടില്‍ പരിശോധന നടത്തിയ ശേഷമാണ് സമിതിയംഗങ്ങള്‍ മുല്ലപ്പെരിയാര്‍ ഓഫിസില്‍ യോഗം ചേര്‍ന്നത്. കേന്ദ്ര ജല കമ്മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഗുല്‍ഷന്‍രാജ് ചെയര്‍മാനായുള്ള മൂന്നംഗ മേല്‍നോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ ടിങ്കു ബിസ്വാള്‍, തമിഴ്‌നാടിന്റെ പ്രതിനിധിയായ കെ.എസ്. പ്രഭാകര്‍ എന്നിവര്‍ക്കൊപ്പം ഉപസമിതിയംഗങ്ങളുമുണ്ടായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com