തലസ്ഥാനത്ത് വന്‍ സുരക്ഷാവീഴ്ച ; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു ?

കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു
തലസ്ഥാനത്ത് വന്‍ സുരക്ഷാവീഴ്ച ; രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസിന്റെ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ന്നു ?

തിരുവനന്തപുരത്ത് വന്‍ സുരക്ഷാവീഴ്ച. തലസ്ഥാനത്ത് പൊലീസിന്റെ വയര്‍ലസ്സ് സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള വന്‍ സുരക്ഷാവീഴ്ച കണ്ടെത്തിയത്. കരമനയിലെ ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ നിന്ന് വയര്‍ലസ് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 

പൊലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗമാണ് വയര്‍ലസ്സ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്. രണ്ട് സിന്തസൈസര്‍ പ്രൊസസ്സറുള്ള വയര്‍ലസ്സ് സെറ്റുകളാണ് സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത്. സമീപത്തെ സംഭാഷണങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിവുള്ള സെറ്റുകളാണ് പിടിച്ചെടുത്തത്. വയര്‍ലസ്് സെറ്റ് പിടികൂടിയ സ്ഥാപനത്തില്‍ പൊലീസും കേന്ദ്രസംഘവും പരിശോധന നടത്തുകയാണ്. 

കാര്‍ റേസുകളും ബൈക്ക് റേസുകളും സംഘടിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് വയര്‍ലസ് ഉപകരണങ്ങള്‍ കണ്ടെത്തിയത്. തായ്‌ലന്‍ഡില്‍ നിന്നും കൊണ്ടു വന്ന ഉപകരങ്ങള്‍ സ്ഥാപനം നടത്തുന്ന റേസുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് സ്ഥാപനം ഉടമ പറഞ്ഞു. ബൈക്ക് റേസര്‍മാര്‍ തമ്മില്‍ സംസാരിക്കാനാണ് വയര്‍ലസ്സെന്നും ഇയാള്‍ പറയുന്നു. വയര്‍ലസ് പിടിച്ചെടുത്ത കരമന പൊലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.

അതേസമയം വയര്‍ലസ്സ് സന്ദേശങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com