സിദ്ധിഖിന്റെ കൊലപാതകം : ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു ; മഞ്ചേശ്വരത്ത് സിപിഎം ഹര്‍ത്താല്‍

അശ്വിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെയാണ് കേസെടുത്തത്. കേസ് അന്വേഷിക്കുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു
സിദ്ധിഖിന്റെ കൊലപാതകം : ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു ; മഞ്ചേശ്വരത്ത് സിപിഎം ഹര്‍ത്താല്‍

കാസര്‍കോട് : കാസര്‍കോട് മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുല്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ കേസെടുത്തു. അശ്വിത്ത് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെയാണ് കേസെടുത്തത്. അശ്വിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കൊല നടത്തിയതെന്നും പൊലീസ് സൂചിപ്പിച്ചു. ബൈക്കിലാണ് പ്രതികളെത്തിയത്.
ഇവര്‍ക്കു വേണ്ടി ജില്ലയിലും, കര്‍ണാടക അതിര്‍ത്തിയും അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായി കാസര്‍കോട് ജില്ലാ പൊലീസ് സൂപ്രണ്ട് എസ് ശ്രീനിവാസ് അറിയിച്ചു. 

കൊലപാതക കേസ് അന്വേഷിക്കുന്നതിനായി പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കാസര്‍കോട് ഡി.വൈ.എസ്പി നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. രണ്ട് സിഐമാരുള്‍പ്പെടെ 15 പേരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. പ്രതികളുടെ രാഷ്ട്രീയബന്ധം ഉള്‍പ്പെടെ അന്വേഷിക്കുന്നതായും എസ്പി അറിയിച്ചു. 

സിദ്ധിഖിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മഞ്ചേശ്വരം താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹര്‍ത്താല്‍. ഞായറാഴ്ച രാത്രിയാണ് സിദ്ധിഖ് കുത്തേറ്റുമരിച്ചത്. മൂന്നംഗ സംഘം അബ്ദുള്‍ സിദ്ധിഖിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്ന് ബിജെപി അഭിപ്രായപ്പെട്ടു. പരസ്യമദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊല നിഷ്ഠൂരമാണ്. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കൊലപാതകത്തെ സിപിഎം സൗകര്യപൂര്‍വം ഉപയോഗിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com