എസ്ഐയും പൊലീസുകാരും കാട്ടിൽ കയറി മ്ലാവിനെ വേട്ടയാടി പങ്കിട്ടു; മ്ലാവിറച്ചിയും ആയുധങ്ങളും ഫോറസ്റ്റ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു, സസ്പെൻഷൻ 

​ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ ​മ്ലാവിനെ വെടിവെച്ചു കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ​ഗ്രേഡ് എസ്ഐയുടെ നേതൃത്വത്തിൽ ​മ്ലാവിനെ വെടിവെച്ചു കൊന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ.പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അയൂബും രണ്ടു പോലീസുകാരും എസ്ഐയുടെ മൂന്ന് ബന്ധുക്കളും ഉൾപ്പെടുന്ന സംഘമാണ് പൊന്മുടി വനത്തിൽ വേട്ടയ്ക്കിറങ്ങിയത്. പൊലീസ് വാഹനത്തിലാണ് ഇവർ നായാട്ടിന് ഇറങ്ങിയത്. സംഭവുമായി ബന്ധപ്പെട്ട് എസ്ഐയെയും രണ്ടു പൊലീസുകാരെയും സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം റൂറൽ എസ്പി അറിയിച്ചു. 

 കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസിന്‍റെ നായാട്ട് പൊന്മുടി കാട്ടിൽ അരങ്ങേറിയത്. എസ്ഐയുടെ നേതൃത്വത്തിലുളള സംഘം നാടൻ തോക്ക് ഉപയോഗിച്ച് മ്ലാവിനെ വെടിവച്ച് കൊന്നു. പിന്നീട് ഇതേ പോലീസ് വാഹനത്തിൽ മ്ലാവിനെ എസ്ഐയുടെ ബന്ധുവിന്‍റെ വീട്ടിലെത്തിച്ച് ഇറച്ചി എല്ലാവരും പങ്കിട്ടെടുക്കുകയായിരുന്നു.

ആരുമറിയാതെ എസ്ഐയും സംഘവും നായാട്ട് നടത്തി മടങ്ങിയെങ്കിലും സംഭവം കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതർക്ക് ചോർന്നു കിട്ടി. പിന്നാലെ ഫോറസ്റ്റ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ലൈസൻസില്ലാത്ത തോക്കും മ്ലാവിന്‍റെ ഇറച്ചിയും കണ്ടെത്തിയത്.സംഭവം പുറത്തായതോടെ എസ്ഐയും പോലീസുകാരും മുങ്ങി. ഇവർക്ക് വേണ്ടി അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ എസ്ഐയുടെ ബന്ധുക്കളായ മൂന്ന് പേരെ ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിയമനടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി കെ രാജു പറഞ്ഞു. അപൂർവ്വമായ സംഭവമാണിത്. ക്രിമിനൽ കുറ്റം ചെയ്താൽ പൊലീസിന് ഒരു സംരക്ഷണവും നൽകില്ലെന്നും രാജു പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com