സിപിഎം മാതൃകയാക്കി മുസ്ലീലീഗ്; പ്രതിരോധ സേനയുമായി വൈറ്റ് ഗാര്‍ഡ്

പഞ്ചായത്തു തലം മുതല്‍ പരിശീലനം നല്‍കി 1500 പേരെയാണ് ഇതിനായി സജ്ജമാക്കുന്നത്
സിപിഎം മാതൃകയാക്കി മുസ്ലീലീഗ്; പ്രതിരോധ സേനയുമായി വൈറ്റ് ഗാര്‍ഡ്

മലപ്പുറം: വൈറ്റ് ഗാര്‍ഡ് എന്ന പേരില്‍ പാര്‍ട്ടിയെ സംരക്ഷിക്കാന്‍ പ്രതിരോധസേനയുമായി മുസ്ലീംലീഗ്.  പ്രാദേശികമായി വരുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും അടിയന്തരമായി വരുന്ന സ്ഥലങ്ങളില്‍ ദുരന്തനിവാരണം നടത്താനും യൂത്ത് ലീഗിനു കഴിയുന്നില്ല എന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ നേരത്തെ തന്നെയുണ്ട്. ഇതിനു പരിഹാരമായിട്ടാണ് യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി തന്നെ വൈറ്റ് ഗാര്‍ഡ് എന്ന യുവാക്കളുടെ കൂട്ടായ്മ രൂപം കൊടുത്തത്.

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടക്കുമ്പോള്‍ പാര്‍ട്ടിക്കു വലിയ ശക്തിയുള്ള പ്രദേശങ്ങളില്‍ പോലും കായികമായി പിടിച്ചു നില്‍ക്കാനോ പ്രതിരോധിക്കാനോ പ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. എസ്.ഡി.പി.ഐയുമായി സംഘര്‍ഷമുണ്ടാവുമ്പോള്‍ പലപ്പോഴും യൂത്ത് ലീഗ്  പ്രവര്‍ത്തകര്‍ക്കു മാത്രമാണ് അക്രമത്തില്‍ പരിക്കേല്‍ക്കുന്നതെന്നാണ് ലീഗ് പ്രവര്‍ത്തകരുടെ പരാതി

ഈ അവസ്ഥ മാറ്റം വരുത്തി പഞ്ചായത്തു തലം മുതല്‍ കേഡര്‍ സംവിധാനത്തില്‍ യുവാക്കളുടെ കൂട്ടായ്മ രൂപീകരിക്കാനുമാണ് പദ്ധതി. ദുരന്തനിവാരണം, ജീവന്‍ രക്ഷാ പ്രവര്‍ത്തനം തുടങ്ങിയവയും ഇവരുടെ അജണ്ടയിലുണ്ട്. പഞ്ചായത്തു തലം മുതല്‍ പരിശീലനം നല്‍കി 1500 പേരെയാണ് ഇതിനായി സജ്ജമാക്കുന്നത്.

ജില്ലാ തലത്തില്‍ 50 പേരുടെ ദ്രുതകര്‍മ്മ സേനയും ഇതിന്റെ ഭാഗമായി രൂപികരിക്കുന്നുണ്ട്. വൈറ്റ്ഗാര്‍ഡ് ക്യാപ്റ്റന്‍മാര്‍ക്കായുള്ള പരിശീലനം കോഴിക്കോട് പൂര്‍ത്തിയായി. ജില്ലാ ക്യാപ്റ്റന്‍, വൈസ് ക്യാപ്റ്റന്‍, നിയോജക മണ്ഡലം ക്യാപ്റ്റന്‍ എന്നിവരുടെ പരിശീലനമാണ് പൂര്‍ത്തിയായത്. ഇവര്‍ ഇനി മണ്ഡലം, പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കും. ഇവരുടെ പാസിങ് ഔട്ട് പരേഡും കോഴിക്കോട്ട് നടന്നു. ഈ മാസം 17 മുതല്‍ പഞ്ചായത്തു തലത്തില്‍ പരിശീലനം നല്‍കും.

നേരത്തെ ഇത്തരത്തില്‍ പോപ്പുലര്‍ ഫ്രണ്ടും ഒരു സന്നദ്ധ സേവക സംഘത്തെ പരിശീലിപ്പിച്ചിരുന്നു. എന്‍.ഡി.എഫ് ഫ്രീഡം പരേഡ് എന്ന പേരില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ഇവരുടെ കായിക പ്രദര്‍ശനവുംസംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ പൊലീസ് അനുമതി നിഷേധിച്ചതോടെ ഫ്രീഡം പരേഡ് അവസാനിപ്പിക്കുകയായിരുന്നു. നേരത്തെ യൂത്ത് ലീഗില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കളില്‍ പലരും ഇന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായി മാറിയിട്ടുണ്ട്. യുവാക്കളെ പരിഗണിക്കാതെ പ്രായമായവര്‍ മരണം വരെ അധികാരം കയ്യാളുന്ന പാര്‍ട്ടിയില്‍ തുടരില്ലെന്നു പറഞ്ഞാണ് ഇവരില്‍ പലരും പാര്‍ട്ടി വിട്ടത്. ഇത്തരം യുവാക്കളെ തിരിച്ചുകൊണ്ടുവരാനും യുവാക്കളുടെ കൊഴിഞ്ഞു പോക്കു തടയാനും വൈറ്റ്ഗാര്‍ഡ് രൂപീകരണം വഴി യൂത്ത് ലീഗ് ലക്ഷ്യമിടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com