ഇടമലയാറില്‍ റെഡ് അലേര്‍ട്ട്;  അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു 

രാവിലെ എട്ട് മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ആറു മണിയിലേക്കും അഞ്ചു മണിയിലേക്കും മാറ്റുകയായിരുന്നു
ഇടമലയാറില്‍ റെഡ് അലേര്‍ട്ട്;  അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു 

ഇടുക്കി: കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ അഞ്ച് മണിയോടെ ഉയര്‍ത്തി. മുന്‍പ് രാവിലെ എട്ട് മണിക്ക് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ആറു മണിയിലേക്കും അഞ്ചു മണിയിലേക്കും മാറ്റുകയായിരുന്നു. 

സംഭരണശേഷിയുടെ പരമാവധി എത്തിയതോടെ രണ്ട് ഷട്ടറുകളാണ് ഇടമലയാറില്‍ തുറന്നത്‌. 169മീറ്റര്‍ സംഭരണശേഷിയുള്ള അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമാണെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

80 സെന്റീമീറ്റര്‍ വരെ ഷട്ടറുകള്‍ തുറന്ന് 164 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ തുറന്ന് വിട്ടുകൊണ്ടിരിക്കുന്നത്. ഷട്ടറുകള്‍ തുറന്ന് ആറുമണിക്കൂറിനുളളില്‍ ജലം ആലുവയിലെത്തും. പെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ മുതല്‍ ഒന്നരമീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിന്റെ തുടര്‍ച്ചായി പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ വെളളം ഒഴുകി എത്താന്‍ എടുക്കുന്ന സമയത്തിന്റെ കണക്കാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ടത്.

ഇടമലയാര്‍ ഡാം തുറന്നുവിട്ട് ഒരു മണിക്കൂറില്‍ കുട്ടമ്പഴയില്‍ വെളളം ഒഴുകി എത്തുമെന്ന് എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പറയുന്നു. ഒന്നരമണിക്കൂറുകൊണ്ട് ഭൂതത്താന്‍കെട്ടിലും നാല് മണിക്കൂറില്‍ പെരുമ്പാവൂര്‍, കാലടി ഭാഗങ്ങളിലും വെളളം ഒഴുകി എത്തും. ആലുവയില്‍ ആറുമണിക്കൂറില്‍ വെളളം ഒഴുകി വരുമെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com