കനത്ത മഴ; ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും സംസ്ഥാനത്ത് നാല് മരണം; നിരവധി പേരെ കാണാതായി

സ്ഥിതിതിഗതികള്‍ മോശമായതിനെതുടര്‍ന്ന് റവന്യു വകുപ്പ് അടിയന്തിര യോഗം വിളിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നാല് പേര്‍ മരിച്ചു. വിവിധ അപകടങ്ങളില്‍ നിരവധിപേരെ കാണാതായിരിക്കുന്നത്. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം ജില്ലയിലുമാണ് ഉരുള്‍പ്പൊട്ടിയത്. പലസ്ഥലങ്ങളിലും മണ്ണിടിച്ചിലിലും ഉരുള്‍പ്പെട്ടലിലും വീടുകള്‍ തകര്‍ന്നു. റോഡുകളും വെള്ളത്തിനടിയിലാണ്. സ്ഥിതിതിഗതികള്‍ മോശമായതിനെതുടര്‍ന്ന് റവന്യു വകുപ്പ് അടിയന്തിര യോഗം വിളിച്ചു. ദേശിയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘം കോഴിക്കോടും വയനാടും എത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റേയും സഹായം ആവശ്യപ്പെടും. 

ഇടുക്കിയില്‍ ഉരുള്‍പൊട്ടി മൂന്ന് പേരാണ് മരിച്ചത്. പെരിയാര്‍വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടുപേരും അടിമാലിയി ഉരുള്‍പൊട്ടലില്‍ ഒരു വീട്ടമ്മയും മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമയാണ് മരിച്ചത്. വയനാട് വൈത്തിരിയിലുണ്ടായ ഉരുള്‍പ്പെട്ടലില്‍ വീട്ടമ്മ മരിച്ചു. ലക്ഷം വീട് കോളനിയിലെ ജോര്‍ജിന്റെ ഭാര്യ ലില്ലിയാണ് മരിച്ചത്. 

അടിമാലിയിലും ചേലച്ചുവടിലും ഉരുള്‍പൊട്ടലില്‍ ഏഴുപേരെയാണു കാണാതായിരിക്കുന്നത്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയാണ് കാണാതായത്. ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്നംഗ കുടുംബത്തെയും കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. 

കോഴിക്കോട് കിഴക്കന്‍ മലയോരത്ത് മൂന്നിടത്ത് ഉരുള്‍പൊട്ടി. മട്ടിമല, പൂവാറുംതോട്, മുട്ടത്തുപുഴ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മുരിക്കാശ്ശേരി രാജപുരത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് പേരെ കാണാതായി. കോഴിക്കോട് കണ്ണന്‍പ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെയും കാണാതിയിട്ടുണ്ട്.

മഴ ശക്തമായതോടെ വയനാട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വൈത്തിരിയില്‍ രണ്ട് വീടുകള്‍ പൂര്‍ണമായും ഏഴ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. വൈത്തിരി പൊലീസ് സ്‌റ്റേഷന്റെ മെസ് ഹൗസും തകര്‍ന്നു. പാല്‍ ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കുറ്റിയാടി ചുരത്തിലൂടെ ഭാഗികമായും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വയനാട്ടില്‍ നിന്ന് താഴേക്ക് വരാനുള്ള മൂന്ന് ചുരങ്ങളിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം മുടങ്ങി. 

കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി. മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. വട്ടിക്കുന്ന് പ്രദേശത്തുള്ള ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് കാറുമായി എത്തിയ റിജിത്തിനെയാണ് പുഴയില്‍ കാണാതായത്. കാറില്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടെങ്കിലും റിജിത്തും കാറുമടക്കം പുഴയിലേക്ക് ഒഴുകി പോവുകയായിരുന്നു. 

അറുപതിലേറെ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. മലമുകളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. ഫയര്‍ ഫോഴ്‌സും പൊലീസും ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. 

മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായി. നിലമ്പൂരിന് സമീപം ചെട്ടിയം പാറയിലാണ് ആണ് ഉരുള്‍പൊട്ടിയത്. ജില്ലയില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അരീക്കോടിന് സമീപം മൂര്‍ക്കനാട് പാലത്തിന്റെ പകുതി ഒലിച്ചുപോയി. വയനാട്ടില്‍ 34 ദുരിതാശ്വാസ ക്യാംപുകളിലായി 3000 തോളം പേരാണ് കഴിയുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അതീവ ജാഗ്രതാ നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്.  ജില്ലയില്‍ വിവിധ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമായി ആളുകളെ കാണാതായതായി സംശയമുള്ളതിനാല്‍ ഫയര്‍ഫോഴ്‌സും റവന്യു ഉദ്യോഗസ്ഥരും തിരച്ചില്‍ തുടരുകയാണ്.  

ഇടുക്കി അടിമാലിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ആറുപേരെ കാണാതായതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ആറ് മണ്ണ് മന്ത്രി യന്ത്രങ്ങള്‍ ഉപയോഗിച്ച് ഫയര്‍ഫോഴ്‌സും പൊലീസുമടക്കമുള്ളവര്‍ വ്യാപകമായി പരിശോധന തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com