വീട് വെള്ളത്തിൽ മുങ്ങുന്നതുകണ്ട് ഗൃഹനാഥൻ ഹൃദയാഘാതമുണ്ടായി മരിച്ചു
കോതമംഗലം: വീടിനുള്ളിൽ വെള്ളം ഉയർന്നുവരുന്നതു കണ്ട് പരിഭ്രാന്തനായി ഗൃഹനാഥൻ മരിച്ചു. കോതമംഗലം മണികണ്ഠംചാൽ തളികപ്പറമ്പിൽ വർഗീസ് (50) ആണു മരിച്ചത്. വെള്ളത്തിന്റെ നിരപ്പ് കൂടിവരുന്നത് കണ്ട വർഗീസിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ബുധനാഴ്ച രാത്രി എട്ടുമണിയോടെ വർഗീസിന്റെ വീട്ടിലും വെള്ളം കയറിത്തുടങ്ങി. എന്നാൽ വീട്ടിൽ വെള്ളം കൂടിവന്നതോടെ വർഗീസ് പരിഭ്രാന്തനായി. മക്കളില്ലാത്തതിനാൽ വർഗീസും ഭാര്യ സാറാമ്മയും തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്.
വളരെയധികം ഭയന്ന വർഗീസിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മണികണ്ഠംചാൽ വെള്ളത്തിൽ മുങ്ങിയത് തടസ്സം സൃഷ്ടിച്ചു. താമസിയാതെ മരണം സംഭവിച്ചു. വർഗീസിന്റെ വീട്ടിൽ വെള്ളം കയറിതിനാൽ മൃതദേഹം മണികണ്ഠംചാൽ സെന്റ് മേരീസ് പള്ളിയിലേക്കു മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ