സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോഴിക്കോടും വയനാടും ഉരുള്‍പൊട്ടല്‍, ഇടുക്കിയില്‍ മണ്ണിടിച്ചില്‍  

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വടക്കന്‍ കേരളത്തിലാണ് മഴ കനത്ത നാശനഷ്ടം വിതച്ചത്
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; കോഴിക്കോടും വയനാടും ഉരുള്‍പൊട്ടല്‍, ഇടുക്കിയില്‍ മണ്ണിടിച്ചില്‍  

കോഴിക്കോട്: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. വടക്കന്‍ കേരളത്തിലാണ് മഴ കനത്ത നാശനഷ്ടം വിതച്ചത്. കോഴിക്കോട് താമരശേരി ചുരത്തില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞു വീണ് ചുരത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയില്‍ കനത്ത മഴയില്‍ പുതുപ്പാടി, കണ്ണപ്പന്‍കുണ്ട് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. കണ്ണപ്പന്‍കുണ്ടില്‍ ഉരുള്‍പൊട്ടിലില്‍ ഒരു കുട്ടിയെ കാണാതായി. മട്ടികുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ ഒരു കാര്‍ ഒലിച്ചുപോയി.

കണ്ണൂര്‍ ഇരിട്ടി കീഴപ്പള്ളിയിലും കനത്ത മഴയില്‍ വീട് തകര്‍ന്ന് രണ്ടു പേരെ കാണാതായിട്ടുണ്ട്. പാറയ്ക്കാപ്പാറയിലാണ് സംഭവം. ഇവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആറളം മേഖലയില്‍ രണ്ടിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വെള്ളം ഉയര്‍ന്നതിനാല്‍ വിയറ്റ്‌നാം കോളനി ഭാഗത്തെ 32 പേരെ ക്യാമ്പിലേക്ക് മാറ്റി. പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കിയിട്ടുണ്ട്. 

വയനാട് വൈത്തിരി പൊലീസ് സ്റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. ലക്ഷംവീട് കോളനിയില്‍ ഒരു സ്ത്രീ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ജില്ലയില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. വയനാട് കളക്ടറേറ്റിലും മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍, കക്കയം, പെരിങ്ങല്‍ക്കുത്ത്, ഷോളയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയില്‍, കൂമ്പാറ, കുളിരാമുട്ടി എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.

അടിമാലിയില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ആറുപേര്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നു. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ ആറളം വനം, മുടിക്കയം, വഞ്ചിയം, മാട്ടറ, പേരട്ട എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. മലപ്പുറം ജില്ലയില്‍ നിലമ്പൂരിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 

നീരൊഴുക്ക് ശക്തമായതോടെ മലമ്പുഴ, പീച്ചി അണക്കെട്ടുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയിരുന്നു. തീരദേശ നിവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉദ്യോഗസ്ഥരാവശ്യപ്പെടുന്നപക്ഷം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. സംഭരണശേഷി പിന്നിട്ട് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ ഇന്ന് രാവിലെ തുറന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com