അണക്കെട്ടിന്റെ അഞ്ച് ഷട്ടറും തുറക്കുന്നത് ചരിത്രത്തില്‍ ആദ്യം ; പുറത്തുവിടുന്നത് ഒമ്പത് ലക്ഷം ലിറ്ററാക്കണമെന്ന് കെഎസ്ഇബി

ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 2401.62 അടിയായി ഉയര്‍ന്നിട്ടുണ്ട്
അണക്കെട്ടിന്റെ അഞ്ച് ഷട്ടറും തുറക്കുന്നത് ചരിത്രത്തില്‍ ആദ്യം ; പുറത്തുവിടുന്നത് ഒമ്പത് ലക്ഷം ലിറ്ററാക്കണമെന്ന് കെഎസ്ഇബി

ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെയാണ് മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്. ചെറുതോണി ഡാമിന്റെ നാലും അഞ്ചും ഷട്ടറുകള്‍ 50 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്. ഇത് ഒരു മീറ്ററായി ഉയര്‍ത്താന്‍ കെഎസ്ഇബി ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടിയിട്ടുണ്ട്. 

നിലവില്‍ സെക്കന്‍ഡില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുക്കി കളയുന്നത്. ഇത് സെക്കന്‍ഡില്‍ ഒമ്പത് ലക്ഷം ലിറ്ററാക്കി ഉയര്‍ത്താനാണ് കെഎസ്ഇബി ആലോചിക്കുന്നത്. ഡാമിലെ ജലനിരപ്പ് ഇപ്പോള്‍ 2401.62 അടിയായി ഉയര്‍ന്നിട്ടുണ്ട്. ഷട്ടര്‍ തുറന്നത് കൂടാതെ, മൂലമറ്റം പവര്‍ ഹൗസിലേക്കുള്ള വെള്ളം കൂടി കണക്കിലെടുത്താല്‍ സെക്കന്‍ഡില്‍ അഞ്ചര ലക്ഷത്തോളം ലിറ്റര്‍ വെള്ളം മാത്രമാണ് ഒഴുക്കി കളയാനാകുന്നത്.

വൃഷ്ടിപ്രദേശത്തെ കനത്ത മഴയും, നീരൊഴുക്കും മൂലം സെക്കന്‍ഡില്‍ ഒമ്പതു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. പുറത്തേക്ക് ഒഴുക്കുന്നതിന്റെ ഇരട്ടിയോളം ജലമെത്തുന്നു എന്നതാണ് കെഎസ്ഇബിയെ വലയ്ക്കുന്നത്. ഇടുക്കിയില്‍ കഴിഞ്ഞ രണ്ട് ദിവസവും 128 മില്ലി മീറ്റര്‍ വീതം മഴയാണ് ലഭിച്ചത്. കനത്ത മഴയും ജലനിരപ്പും ഉയരുന്നത് പരിഗണിച്ച് പുറത്തുവിടുന്നത് ആവശ്യമെങ്കില്‍ സെക്കന്‍ഡില്‍ ഏഴ് ലക്ഷം ലിറ്റര്‍ ആക്കി ഉയര്‍ത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. 

ഇടുക്കി അണക്കെട്ട് നിര്‍മ്മിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഡാമിന്റെ ഷട്ടര്‍ തുറക്കുന്നത്. മുമ്പ് 1981 ലും പിന്നീട് 1992ലുമാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. രണ്ടു തവണയും ഒക്ടോബറിലായിരുന്നു ഷട്ടറുകള്‍ തുറന്നത്. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നും. അതായത് തുലാ മഴയിലായിരുന്നു അണക്കെട്ട് നിറഞ്ഞുകവിഞ്ഞത്. 

1981 ല്‍ 11 ദിവസമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 1221.222 മെട്രിക് ഘന അടി വെള്ളം അന്ന് പെരിയാറിലേക്ക് ഒഴുകി. 1992 ല്‍ ഒക്ടോബറില്‍ ഞായറാഴ്ച രാവിലെ തുറന്ന ഷട്ടര്‍ താഴ്ത്തിയത് വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരുന്നു. 2774. 734 മെട്രിക് ഘന അടി വെള്ളമാണ് അന്ന് ഒഴുക്കി വിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com