പെരുവെള്ളപ്പാച്ചിലില്‍ കുത്തിയൊഴുകി ആളുകള്‍; ഭീതിപ്പെടുത്തുന്ന കാഴ്ച (വീഡിയോ)

സംസ്ഥാനത്ത് രണ്ടുദിവസമായി മഴ കനത്തുപെയ്യുകയാണ്. തകര്‍ത്തുപെയ്യുന്ന മഴയെ തുടര്‍ന്നുണ്ടായ പെരുവെള്ളപ്പാച്ചിലില്‍ ആളുകള്‍ ഒഴുകിപ്പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ 
പെരുവെള്ളപ്പാച്ചിലില്‍ കുത്തിയൊഴുകി ആളുകള്‍; ഭീതിപ്പെടുത്തുന്ന കാഴ്ച (വീഡിയോ)

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസമായി മഴ കനത്തുപെയ്യുകയാണ്. തകര്‍ത്തുപെയ്യുന്ന മഴയെ തുടര്‍ന്നുണ്ടായ പെരുവെള്ളപ്പാച്ചിലില്‍ ആളുകള്‍ ഒഴുകിപ്പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. വയനാട്ടിലുണ്ടായ ഉരുള്‍പ്പൊട്ടലിലും മഴവെള്ളപ്പാച്ചിലും ആളുകള്‍ ഒഴുകിപ്പോകുന്ന ഭയാനകമായ കാഴ്ച എന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോയില്‍ ആളുകളെ രക്ഷപ്പെടുത്താനാവശ്യപ്പെട്ട് സത്രീകള്‍ ഉള്‍പ്പടെ ഉറക്കെ നിലവിളിക്കുന്നതും കാണാം. ഇതിന്റെ ആധികാരികത സ്ഥിരികരിക്കാനായിട്ടില്ല

വയനാട്ടിലേക്കുള്ള പ്രധാന പാതകളില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ ഉണ്ടായതോടെ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമായ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ അഭിമുഖീകരിക്കുന്നെന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

വടക്കേ വയനാട് മേഖലയിലെ വിവിധ പ്രദേശങ്ങള്‍ ഏതാണ്ട് പൂര്‍ണമായും വെള്ളം കയറിയിട്ടുണ്ട്. മാനന്തവാടി, വൈത്തിരി താലൂക്കുകളിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മാനന്തവാടി താലൂക്കിലെ 60 ശതമാനം പ്രദേശങ്ങളിലും വെള്ളം കയറി. വൈത്തിരി അറമലയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഒരാള്‍ മരിച്ചു.

മഴയും ഉരുള്‍പൊട്ടല്‍ ഭീഷണിയും കണക്കിലെടുത്തു എട്ട് ദുരിതാശ്വാസക്യാമ്പുകള്‍ വയനാട്ടില്‍ തുറന്നിട്ടുണ്ട്. 1183 പേരെ ആണ് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. ഇതോടെയാണ് മാനന്തവാടി താലൂക്കിലെ പ്രദേശങ്ങളില്‍ വെള്ളം കയറിയത്. അതേസമയം സുല്‍ത്താന്‍ ബത്തേരി മേഖലയെ മഴ കാര്യമായി ബാധിച്ചിട്ടില്ല.

നിലവില്‍ താമരശേരി ചുരം വഴി ഗതാഗതം പുനരാരംഭിച്ചെങ്കിലും റോഡില്‍ പല ഇടങ്ങളിലായി മണ്ണിടിഞ്ഞിട്ടുണ്ട. മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മഴ തടസ്സമാകുന്നുണ്ട്. കഴിഞ്ഞ തവണ മഴ ശക്തമായിരുന്ന ഘട്ടത്തില്‍ ചിറ്റിലത്തോട് വരെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത കുരുക്ക് കൂടി രൂക്ഷമായതോടെ ആ പ്രദേശം വരെയെങ്കിലും വാഹനങ്ങള്‍ക്ക് എത്തനവാത്ത അവസ്ഥയാണ്. ബസ്സുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍ പെട്ട് കിടക്കുകയാണ്. ചുരത്തില്‍ ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യല്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായതോടെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഴയെ തുടര്‍ന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാഹന ഗതാഗതം തടസ്സപ്പെട്ടത്തിനാല്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെയും ഭാഗമായി ബാധിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com