ഇടുക്കിയില്‍ തിങ്കളാഴ്ച വരെ അതിതീവ്ര മഴ;  സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
ഇടുക്കിയില്‍ തിങ്കളാഴ്ച വരെ അതിതീവ്ര മഴ;  സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 

സംസ്ഥാനത്ത് പതിനാലാം തീയതി വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. വയനാട്ടില്‍ 14 വരെയും, ഇടുക്കിയില്‍ പതിമൂന്നാം തീയതി വരെയും അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച മറ്റ് ജില്ലകളിലും 14 വരെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വയനാട്ടില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തല്‍. മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ 13 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കനത്ത മഴ ഇടുക്കി, വയനാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ കനത്ത നാശം വിതച്ചു. ഇടുക്കി ഡാമിലെ ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണിയിലും, എറണാകുളം ജില്ലയിലെ ആലുവ അടക്കമുള്ള പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പെരിയാറിന്റെ തീരത്തുള്ളവർക്ക് അതീവ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കൊച്ചുപമ്പ അണക്കെട്ട് തുറന്നതോടെ കുട്ടനാടും വീണ്ടും പ്രളയഭീതിയിലാണ്. മഴ കനത്തതോടെ സംസ്ഥാനത്തെ 24 ഡാമുകളാണ് തുറന്നുവിട്ടിരിക്കുന്നത്. 

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ശനിയാഴ്ച രാവിലെ 7.30 നാണ് മുഖ്യമന്ത്രി ദുരിത ബാധിത സ്ഥലങ്ങളിലെത്തുക. ഹെലികോപ്റ്ററില്‍ മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ എന്നിവരും ഉണ്ടാകും. 

പ്രളയ ബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി, ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുമെന്നാണ് സൂചന. മഴക്കെടുതി നേരിട്ട് കണ്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തിലെത്തുന്നുണ്ട്. മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച രാജ്‌നാഥ് സിംഗ് സംസ്ഥാനത്തെ മഴക്കെടുതി സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കേന്ദ്രത്തില്‍നിന്ന് ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പും നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com